ഷില്ലോംഗ്: മേഘാലയയില്‍ അര്‍ദ്ധരാത്രി രാഷ്ട്രീയ നാടകം. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് തൃണമൂലിന്റെ മുകുള്‍ സാംഗ്മയും രംഗത്തെത്തി.
കൊണ്‍റാഡ് സാംഗ്മയ്ക്ക് പിന്തുണ നല്‍കിയ രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു.
26 സീറ്റ് നേടിയ എന്‍പിപിയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം തേടി കൊണ്‍റാഡ് സാംഗ്മ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഫാദു ചൌഹാനെ കണ്ടിരുന്നു. ബിജെപിയുടെയും ചില നിയമസഭാംഗങ്ങളുടെയും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്‌എസ്പിഡിപി) യുടെ രണ്ട് എംഎല്‍എമാരും ഉള്‍പ്പെടെ 32 പേരുടെ പിന്തുണ ആവകാശപ്പെട്ടാണ് കൊണ്‍റാഡ് സാംഗ്മ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
എന്നാല്‍, ഇന്നലെ അര്‍ദ്ധരാത്രിയില്‍ എച്ച്‌എസ്പിഡിപിയുടെ അധ്യക്ഷന്‍ രണ്ട് എംഎല്‍എമാരുടെ പന്തുണ പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാംഗ്മ മന്ത്രിസഭ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്.

