ഒഡീഷയില്‍ വെച്ച് റഷ്യന്‍ വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നാല് ഉദ്യോഗസ്ഥരടങ്ങിയ പുതിയ സംഘത്തെ രൂപീകരിച്ച് ക്രൈംബ്രാഞ്ച്.
വ്യവസായിയും പാര്‍ലമെന്റ് അംഗവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമര്‍ശകനുമായ പവല്‍ ആന്റോവ്, സുഹൃത്ത് വ്‌ളാഡിമിര്‍ ബുഡനോവ് എന്നിവരാണ് മരിച്ചത്.
തന്റെ മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് പവല്‍ ആന്റോവ് ടൂറിസ്റ്റ് വിസയില്‍ ഒഡീഷയില്‍ എത്തിയത്. ഡിസംബര്‍ 21 ന് രായഗഡയിലേക്ക് പോയി. അന്ന് സായ് ഇന്റര്‍നാഷണല്‍ ഹോട്ടലിലാണ് താമസിച്ചത്. ജെയ്‌പൂര്‍ സന്ദര്‍ശിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു.
ഡിസംബര്‍ 22 ന്, ആന്റോവിന്റെ സുഹൃത്തുക്കളില്‍ ഒരാളായ വ്‌ളാഡിമിര്‍ ബുഡനോവിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടു ദിവസത്തിന് ശേഷം, ഡിസംബര്‍ 24 ന്, ഹോട്ടലിനു പുറത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ ആന്റോവിന്റെ മൃതദേഹം കണ്ടെത്തി. മുറിയുടെ ടെറസില്‍ നിന്ന് വീണ് മരിച്ചതാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

