കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച അഡ്വ. ടി.പി. ഹരീന്ദ്രനെതിരെ കേസെടുത്തു.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 153 പ്രകാരമാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. ഷുക്കൂര്‍ കേസില്‍ ജയരാജനെതിരെ കൊലക്കുറ്റം ചുമത്താതിരുന്നതിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് അഭിഭാഷകന് ടി പി ഹരീന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.
2012 ഫെബ്രുവരിയില്‍ പട്ടുവം അരിയില്‍ ലീഗ്-സി.പി.എം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പി.ജയരാജന് സ്ഥലത്തെത്തി. അന്ന് ജയരാജന്റെ വാഹനം ആക്രമിച്ചതിനുള്ള പ്രതികാരമെന്നോണം എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂറിനെ സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തി.
ജയരാജനെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസ് തീരുമാനിച്ചപ്പോഴാണ് കുഞ്ഞാലിക്കുട്ടി രക്ഷയ്ക്കെത്തിയതെന്ന്, യു.ഡി.എഫിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന മുതിര്‍ന്ന അഭിഭാഷകന് ടി.പി.ഹരീന്ദ്രന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. അന്നത്തെ എസ്പിയെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ച് ദുര്‍ബല വകുപ്പ് മാത്രം ചുമത്തി ജയരാജനെ രക്ഷിച്ചെന്നാണ് ഹരീന്ദ്രന്റെ ആരോപണം.

