പോര്‍ട്ട് ബ്ലെയര്‍: കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ആന്‍ഡമാന്‍ നികോബര്‍ ദ്വീപിന്റെ മുന്‍ ചീഫ് സെക്രട്ടറിയെ പ്രത്യേക അന്വേഷണ സംഘം എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തു.
മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേയ്നിനെയാണ് വെള്ളിയാഴ്ച എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തത്. ആന്‍ഡമാന്‍ നികോബര്‍ സ്വദേശിയായ 21കാരിയുടെ പരാതിയിലാണ് എസ്.ഐ.ടി കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയെ സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ചീഫ് സെക്രട്ടറിയുടെ വസതിയിലേക്ക് വിളിച്ചു വരുത്തി നരേയ്നുള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
ലേബര്‍ കമീഷണര്‍ ആര്‍.എല്‍ ഋഷി, ഒരു പൊലീസ് ഇന്‍സ്‍പെക്ടര്‍, ഹോട്ടല്‍ ഉടമ എന്നിവരും ബലാത്സംഗക്കേസില്‍ പ്രതികളാണ്. പൊലീസ് ഇന്‍സ്‍പെകട്റേയും എസ്.ഐ.ടി ഇന്നലെ ചോദ്യം ചെയ്തിട്ടുണ്ട്.
നരേയ്നെ പോര്‍ട്ട്ബ്ലെയറിലെ പൊലീസ് ലൈനില്‍ വെച്ച് രാവിലെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചതാണ്. ഇന്നും നരേയ്നെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. കൊല്‍ക്കത്ത ഹൈകോടതിയുടെ ഉത്തരവ് പ്രകാരമാണ് നരേയ്ന്‍ ചോദ്യം ചെയ്യലിനായി പോര്‍ട്ട് ബ്ലെയറിലെത്തിയത്. നരേയ്ന്‍ ഡല്‍ഹി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ എം.ഡി ആന്റ് ചെയര്‍മാനായി നിയമിതനായ ശേഷം ഒക്ടോബര്‍ ഒന്നിനാണ് വിഷയത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 17 സര്‍ക്കാര്‍ ഇദ്ദേഹത്തെ സസ്‍പെന്‍ഡ് ചെയ്തു.
തന്റെ പിതാവും രണ്ടാനമ്മയും സംരക്ഷിക്കുന്നില്ലെന്നും തനിക്ക് ജീവിക്കാന്‍ ജോലി ആവശ്യമായിരുന്നെന്നും യുവതി പറയുന്നു. ജോലിക്കായി ചില ആളുകള്‍ ഇവരെ ലേബര്‍ കമീഷണറുടെ അടുത്തെത്തിച്ചു. അദ്ദേഹം അന്നത്തെ ചീഫ് സെക്രട്ടറിയുടെ അടുത്ത സുഹൃത്തായിരുന്നു. ദ്വീപിന്റെ ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഔദ്യോഗിക അഭിമുഖങ്ങളൊന്നുമില്ലാതെ 7800 ഉദ്യോഗാര്‍ഥികളെ ചീഫ് സെക്രട്ടറി ശിപാര്‍ശ വഴി മാത്രം നിയമിച്ചതായും യുവതി എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. ഇങ്ങനെ സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന പ്രലോഭനത്തില്‍ വീണാണ് യുവതി ചീഫ് സെക്രട്ടറിയുടെ വസതിയില്‍ എത്തിയത്. അവിടെ വെച്ച് ഏപ്രില്‍ 14 മുതല്‍ മെയ് ഒന്നു വരെ തന്നെ ബലാത്സംഗം ചെയ്തതായും യുവതി പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ആന്‍ഡമാന്‍ നികോബര്‍ ദ്വീപുകളില്‍ കനത്ത പ്രതിഷേധം നടക്കുന്നുണ്ട്. സ്ത്രീക്കെതിരെ ക്രൂരകൃത്യം നടന്നിരിക്കുകയാണ്. അവള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

