ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ അനുഭവിക്കുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്നെ വിശദീകരണം നല്‍കാന്‍ അനുവദിക്കുമോ, അതോ നിഷേധിക്കുമോ എന്നറിയാന്‍ രാജ്യം കാത്തിരിക്കുകയാണ്. എന്തായാലും, വെള്ളിയാഴ്ച സര്‍ക്കാര്‍ അതിന് സമ്മതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപി എന്ന നിലയില്‍ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കേണ്ടത് എന്റെ അവകാശമാണ്. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടു. പല ബിജെപി നേതാക്കളും എനിക്കെതിരെ സഭയില്‍ പല ആരോപണങ്ങളും ഉന്നയിച്ചു’, രാഹുല്‍ പറഞ്ഞു.
പ്രധാന വിഷയം, അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണെന്നുള്ളതാണ്, രാഹുല്‍ ആവര്‍ത്തിച്ചു. രാജ്യത്തിന്റെ ജനാധിപത്യ സ്ഥിതിയെ ചോദ്യം ചെയ്യുക വഴി ഇന്ത്യക്ക് പുറത്ത് രാഹുല്‍ രാജ്യത്തെ അപമാനിച്ചുവെന്നാണ് ബിജെപി നേതാക്കള്‍ ആരോപിച്ചത്. ലണ്ടനില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഇതിന് ശേഷം ആദ്യമായാണ് ഇന്ന് അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയത്. രാഹുല്‍ മാപ്പ് പറയണമെന്ന് നാല് കേന്ദ്ര മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.
‘ഇന്ന് ഞാന്‍ വന്ന് ഒരുമിനിറ്റ് കഴിഞ്ഞപ്പോള്‍ പാര്‍ലമെന്റ് പിരിഞ്ഞു. എന്റെ ആശയം വ്യക്തമാക്കാമെന്ന് വിചാരിച്ചാണ് ഞാന്‍ ഇവിടെ എത്തിയത്. ഇന്ത്യന്‍ ജനാധിപത്യം സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, എനിക്ക് പറയാനുള്ളത് പാര്‍ലമെന്റില്‍ പറയാനാകും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണമാണ് നിങ്ങള്‍ കാണുന്നത്. നാല് മന്ത്രിമാര്‍ക്ക് നല്‍കിയ അതേ അവസരം ഒരു എംപിയായ എനിക്ക് ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നല്‍കുമോ എന്നതാണ്’, രാഹുല്‍ പറഞ്ഞു. താന്‍ സ്പീക്കറോട് സംസാരിക്കാന്‍ അവസരം ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞില്ലെന്നും ചിരിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.

