ന്യൂഡല്‍ഹി: ജനസാഗരത്തെ ഉള്‍ക്കൊള്ളാനാകാതെ വീര്‍പ്പുമുട്ടിയ ന്യൂഡല്‍ഹി രാംലീല മൈതാനിയെ സാക്ഷിയാക്കി ‘മതവിദ്വേഷവും വിഭാഗീയതയുമാണ് രാജ്യത്തിന്റെ അഖണ്ഡതക്ക് ഏറ്റവും വലിയ ഭീഷണി’ എന്ന് ഓര്‍മിപ്പിച്ച് ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് 34ാം വാര്‍ഷിക സമ്മേളനം സമാപിച്ചു.ജംഇയ്യതിന്റെ ശക്തി വിളിച്ചോതിയ സമാപന സമ്മേളനത്തിനെത്തിയ പകുതിയിലേറെ പേരെയും രാംലീല മൈതാനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതോടെ ചുറ്റിലുമുള്ള റോഡുകളും ജനസാഗരമായി.
വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹോദര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദേശീയ കുറ്റകൃത്യമായി കണക്കാക്കണമെന്ന് ജംഇയ്യത് ആവശ്യപ്പെട്ടു.
കോടതികള്‍ സ്വതന്ത്രമല്ലെങ്കില്‍ പിന്നെ രാജ്യം സ്വതന്ത്രമല്ലെന്നും രാജ്യത്തെ കോടതികള്‍ ഭരണകൂടത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊതുവായ തോന്നലുണ്ടെന്നും ഇത്തരമൊരു സാഹചര്യം ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്തതാണെന്നും ജംഇയ്യത് അധ്യക്ഷന്‍ മൗലാന മഹ്മൂദ് മദനി അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയും മറ്റു കോടതികളും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ കരുത്തും സംരക്ഷണവുമാകേണ്ടതാണ്. ഏതൊരു സംസ്കാരമുള്ള സമൂഹത്തിന്റെയും ഏറ്റവും വലിയ മാനദണ്ഡം നീതിയാണ്. നീതി ലഭ്യമാക്കേണ്ടത് ഭരണാധികാരിയുടെ കൂടി ബാധ്യതയാണെന്നും മദനി വ്യക്തമാക്കി.
രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കള്‍ മുസ്ലിംകളെ ലക്ഷ്യം വെക്കുന്നുണ്ടെന്നും മാനസികമായി അസ്വസ്ഥരാക്കാനും പ്രകോപിപ്പിക്കാനും തെറ്റായ വഴിയിലേക്ക് നയിക്കാനും പല തന്ത്രങ്ങളും പയറ്റുന്നുണ്ടെന്നും മദനി ഓര്‍മിപ്പിച്ചു. അതിന് മുന്നില്‍ ക്ഷമ കൈവിടുകയോ നിരാശരാകുകയോ ചെയ്യരുത്. ജിഹാദിന്റെ പേരില്‍ തീവ്രവാദ, അക്രമ പ്രവണതകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പിന്തുണയോ സഹകരണമോ വേണ്ട.
കഴിഞ്ഞ 1400 വര്‍ഷമായി തോളോടുതോള്‍ ചേര്‍ന്ന് ഹിന്ദുക്കളും മുസ്ലിംകളും ജീവിക്കുന്ന രാജ്യമാണിതെന്ന് മുതിര്‍ന്ന ജംഇയ്യത് നേതാവ് മൗലാന അര്‍ശദ് മദനി പറഞ്ഞു. വിവിധ മതനേതാക്കളായ ഗോസ്വാമി സുശീല മഹാരാജ്, ഡല്‍ഹി ആര്‍ച്ച് ബിഷപ് അനില്‍ തോമസ് കുട്ടോ, അകാല്‍ തക്ത് ജതേദാര്‍ ഹര്‍ദീപ് പുരി, ചിദാനന്ദ് സരസ്വതി മഹാരാജ്, ജൈന സന്യാസി ആചാര്യ ലോകേഷ് മുനി, സര്‍ദാര്‍ പരംജിത് ചണ്ഡുക്, മുഫ്തി അബ്ദുല്‍ ഖാസിം നുഅ്മാനി, ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് കേരള പ്രസിഡന്റ് മൗലാന മുഹമ്മദ് ഇബ്രാഹീം എന്നിവരും പങ്കെടുത്തു.

