ചെന്നൈ | തമിഴ്നാട്ടിലെ കോയമ്ബത്തൂരിലുണ്ടായ സിലിണ്ടര്‍ സ്ഫോടനക്കേസില്‍ ചെന്നൈ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി.
ചെന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്ബൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കോയമ്ബത്തൂരിലെ കോട്ടമേട്, ഉക്കാട്, പൊന്‍വിഴ നഗര്‍, രതിനാപുരി എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെയും നിരോധിത സംഘടനകളെ പിന്തുണയ്ക്കുന്നവരുടെയും കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ എന്‍ഐഎ ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്.
ഒക്ടോബര്‍ 23ന് വൈകിട്ടാണ് കോയമ്ബത്തൂരില്‍ കാറില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ മരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്ക് എതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) ചുമത്തി. അന്വേഷണത്തില്‍ പൊട്ടാസ്യം ഉള്‍പ്പെടെ 109 വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

