ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാതെ ഡികെ ശിവകുമാര്‍.
ചര്‍ച്ചക്കു ശേഷം നിലപാട് വ്യക്തമാക്കാതെയാണ് ശിവകുമാര്‍ മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ടേം വ്യവസ്ഥയോടും ശിവകുമാര്‍ പ്രതികരിച്ചില്ല. അതേസമയം, ഇനിയും തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയെന്നാണ് വിവരം. ഖാര്‍ഗെയുമായുള്ള ചര്‍ച്ചക്ക് ശേഷം സിദ്ധരാമയ്യയും മടങ്ങിയിരിക്കുകയാണ്. അതേസമയം, ഇരുവരുമായും ചര്‍ച്ച നടത്തിയ ഖാര്‍ഗെ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം ബെംഗളൂരുവില്‍ നടത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള ധാരണയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ദില്ലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് ധാരണയായത്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയുണ്ട്. പിസിസി അധ്യക്ഷസ്ഥാനത്തും ഡികെ തുടരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും കണ്ടു. തുടര്‍ന്ന് ഡികെ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയഗാന്ധി നേരിട്ട് ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
രണ്ടാംഘട്ടത്തില്‍ ഡികെയെ മുഖ്യമന്ത്രിയാക്കും. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കായ സാഹചര്യത്തിലാണ് ആദ്യ ടേമില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ ധാരണയിലെത്തിയിരിക്കുന്നത്. സോണിയാ ഗാന്ധി എത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. ബെംഗളുരുവില്‍ വച്ച് പ്രഖ്യാപിക്കാനുള്ള സാധ്യതകളുമുണ്ട്. നിരവധി ഓഫറുകളാണ് ഡികെയെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വച്ചത്. ആദ്യ ടേം തനിക്ക് വേണമെന്ന് ഡികെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി, കൂടുതല്‍ ഓഫറുകള്‍ മുന്നോട്ട് വെക്കുകയായിരുന്നു.

