ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇന്ന് അവസാന ഘട്ട വോട്ടെടുപ്പ്. 93 മണ്ഡലങ്ങള്‍ ജനവിധി എഴുതും. കാല്‍ നൂറ്റാണ്ടിലധികമായി തുടരുന്ന ഭരണം നിലനിര്‍ത്താമെന്ന് ബിജെപി കണക്ക് കൂട്ടുമ്ബോള്‍ അട്ടിമറി വിജയമാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പ്രതീക്ഷിക്കുന്നത്.
ആഴ്ചകള്‍ നീണ്ട ശക്തമായ പ്രചാരണത്തിന് ഒടുവില്‍ ഗുജറാത്തില്‍ ഇന്ന് അവസാന ഘട്ട വേട്ടെടുപ്പ്. കോണ്‍ഗ്രസ് ബിജെപി പാര്‍ട്ടികള്‍ക്ക് പുറമെ ആം ആദ്മിയും ശക്തമായി മത്സര രംഗത്തുണ്ട് എന്നാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനായി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രചാരത്തിന് ചുക്കാന്‍ പിടിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളായിരുന്നു എഎപിയുടെ താര പ്രചാരകന്‍.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഉള്‍പ്പടെ 833 സ്ഥാനാര്‍ത്ഥികളാണ് അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേല്‍ വിരാംഗം മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി വഡ്ഗാമില്‍ നിന്നും മത്സരിക്കും. 2.51 കോടി വോട്ടര്‍മാര്‍ അവസാന ഘട്ടത്തില്‍ ജനവിധി നിര്‍ണയിക്കും. 26409 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. സുരക്ഷയ്ക്കായി 10000 പൊലീസുകാരെയും 6000 ഹോം ഗാര്‍ഡുകളെയും 112 കമ്ബനി കേന്ദ്ര സേനയേയും ഒരുക്കി. ഈ മാസം 8 നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.

