പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്ത്. ചിലര്‍ അറിവുള്ളവരായി നടിക്കുന്നുവെന്നും പ്രധാനമന്ത്രി അതിലൊരാളാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം അറിയാമെന്നാണ് ഭാവമെന്നും, ദൈവത്തെ വരെ പഠിപ്പിക്കുമെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും എന്നാല്‍, ബിജെപിയില്‍ ചോദ്യങ്ങളില്ല. ഉത്തരങ്ങള്‍ മാത്രമേയുള്ളൂവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ശ്രീ നാരായണ ഗുരുവും ഗുരു നാനാക്കും ഉള്‍പ്പെടയുള്ള എല്ലാ മഹാരഥൻമാരും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാൻ പഠിപ്പിച്ചവരാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു..ജോഡോ യാത്ര തനിക്കൊരു അനുഭവമായിരുന്നു.
ഇന്ത്യ ഒരു ആശയത്തെയും തിരസ്കരിച്ചിട്ടില്ല. എൻആര്‍ഐക്കാര്‍ ഇന്ത്യയുടെ അംബാസിഡര്‍മാരാണ് എന്നും അദ്ദേഹം വ്യക്തമാക്കി. വനിത സംവരണ ബില്‍ പാസാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍, സഖ്യകക്ഷികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ബില്‍ പാസാക്കും.ഭരണഘടനയില്‍ യൂണിയൻ ഓഫ് സ്റ്റേറ്റ് ആണ് ഇന്ത്യ. ഓരോ സംസ്ഥാനത്തെയും സംസ്കാരത്തെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടത് ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു . ഭരണഘടനയിലെ ഈ ആശയത്തെയാണ് ആര്‍എസ്‌എസും ബിജെപിയും ആക്രമിക്കുന്നത്, അതിലൂടെ ഭരണഘടനയെയും ആക്രമിക്കുന്നുവെന്നും വെറുപ്പിനെ വെറുപ്പ് കൊണ്ട് ജയിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുപ്പില്‍ വിശ്വസിക്കുന്നവരല്ല, ഇന്ത്യയിലെ ജനങ്ങള്‍.
പരസ്പരം കൊല്ലുന്നവരല്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്, ഒരു ചെറിയ കൂട്ടരാണ് . അവര്‍ക്ക് അധികാര സംവിധാനത്തില്‍ സ്വാധീനം ഉണ്ട്. അവര്‍ക്ക് പണം കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
. മാധ്യമങ്ങളില്‍ നിയന്ത്രണമുണ്ട്. ഭാരത് ജോഡോയില്‍ താൻ കണ്ട ആളുകളില്‍ പകുയിലധികവും സ്നേഹിക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതല്ല മാധ്യമങ്ങള്‍ ഇന്ത്യയില്‍ നല്‍കുന്നത്. മാധ്യമങ്ങളില്‍ കാണുന്നത് സത്യമാണെന്ന് കരുതരുതെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാണിച്ചു . അമേരിക്കയിലെ സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

