ഡല്‍ഹി: അരുണാചല്‍ അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം പ്രതിപക്ഷം ഇരുസഭകളിലും ശക്തമായി ഉന്നയിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് ഇരു സഭകളിലും നടത്തിയ പ്രസ്താവന അവ്യക്തവും ദുര്‍ബലവുമാണെന്നും വിശദമായ ചര്‍ച്ച വേണമെന്നുമാണ് ആവശ്യം.
ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ഇരു സഭകളിലും നോട്ടീസ് നല്‍കും. വിലക്കയറ്റം അടക്കമുള്ള മറ്റ് വിഷയങ്ങളിലും എംപിമാര്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടും. രാജ്യസഭയില്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപറേറ്റിവ് സൊസൈറ്റി ബില്ലിന്‍മേലുള്ള ചര്‍ച്ച ഇന്നും നടക്കും.
അതേസമയം ഫാദര്‍ സ്റ്റാന്‍ സ്വാമിക്കെതിരെയുള്ള തെളിവുകള്‍ വ്യാജമെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും. രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ലെങ്കിലിം വിഷയം വീണ്ടും പാര്‍ലമെന്‍റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. എന്‍.ഐ.എ ലാപ്ടോപില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ വ്യാജമെണേന്ന് റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ട് ദിവസമായിട്ടും എന്‍ ഐ എ വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. സ്റ്റാന്‍ സ്വാമിക്ക് നീതി തേടി അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ ഉടന്‍ കോടതിയെ സമീപിച്ചേക്കും. കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്നും കേന്ദ്ര മുഖംമൂടി അഴിഞ്ഞുവീണെന്നും സി.പി.എം പറഞ്ഞു. ഭരണകൂടത്തിന്‍റെ എതിരാളികളെ ഇനിയും ഇതുപോലെ ലക്ഷ്യംവെക്കുമെന്നും ഭീമാ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന എല്ലാവരെയും വിട്ടയക്കണമെന്നും സി.പി.എം പി ബി ആവശ്യപ്പെട്ടു.

