ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ വെച്ചുതാമസിപ്പിക്കുന്നതായി ആരോപിച്ചുള്ള രണ്ട് ഹരജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഏറെ ഗുരുതര പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ജഡ്ജിമാരെ സ്ഥലം മാറ്റാനുള്ള ശിപാര്‍ശകള്‍ അംഗീകരിക്കുന്നതിലെ കാലതാമസത്തില്‍ ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി മൂന്നിന് കേസ് പരിഗണിക്കവേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അഞ്ച് ജഡ്ജിമാരെ സുപ്രീം കോടതിയില്‍ നിയമിക്കാനുള്ള ഡിസംബറിലെ കൊളീജിയം ശിപാര്‍ശ ഉടന്‍ അംഗീകരിക്കുമെന്ന് അറ്റോണി ജനറല്‍ ആര്‍. വെങ്കിട്ടരമണി അന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു.
ഫെബ്രുവരി ആറിന് ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സഞ്ജയ് കരോള്‍, പി.വി. സഞ്ജയ് കുമാര്‍, അഹ്‌സനുദ്ദീന്‍ അമാനുള്ള, മനോജ് മിശ്ര എന്നിവര്‍ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസുമാരായ രാജേഷ് ബിന്ദാലും അരവിന്ദ് കുമാറും ഫെബ്രുവരി 13നും സത്യപ്രതിജ്ഞ ചെയ്യും.
ഇതോടെ ഒമ്ബത് മാസത്തിനുശേഷം ചീഫ് ജസ്റ്റിസ് അടക്കം സുപ്രീംകോടതിക്ക് 34 ജഡ്ജിമാരുടെ മുഴുവന്‍ അംഗബലമാകും. ജഡ്ജിമാരുടെ നിയമനം സുപ്രീം കോടതിയും കേന്ദ്രവും തമ്മിലുള്ള ഭിന്നതകളിലേക്ക് വഴിമാറിയിരുന്നു.

