ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരും.
തെക്കന്‍ കശ്മീര്‍ ഷോപ്പിയാനിലെ ചക്കൂര മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ്് ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ നടപടി ക്രമങ്ങള്‍ ആഭ്യന്തരമന്ത്രി അവലോകനം ചെയ്യും. തീവ്രവാദത്തിനെതിരെ ശക്തമായി പോരാടാനുള്ള നിര്‍ദ്ദേശങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും കശ്മീരില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
ജമ്മുകശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ജമ്മുകശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ്, കേന്ദ്ര സായുധ പോലീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ഒക്ടോബറിലും കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികള്‍ ആഭ്യന്തരമന്ത്രി അവലോകനം ചെയ്തിരുന്നു.

