ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മണ്ണൊലിപ്പ് മൂലം അപകടാവസ്ഥയിലായ രണ്ട് ഹോട്ടലുകള്‍ പൊളിച്ച് നീക്കുന്ന പണികള്‍ ദുരന്തനിവാരണ സേന ആരംഭിച്ചു.
ചെരിഞ്ഞ് വീഴാറായ ഹോട്ടല്‍ മലാരി ഇന്‍ പൊളിച്ച് നീക്കുന്നതിനുള്ള പണികളാണ് ആരംഭിച്ചിരിക്കുന്നത്. രണ്ട് കെട്ടിടങ്ങളും പരസ്പരം കൂട്ടിമുട്ടുന്ന അവസ്ഥയിലാണ് നിലവില്‍ നില്‍ക്കുന്നത്. മലാരി ഇന്‍ പൊളിച്ച് നീക്കിയാലുടന്‍ സമീപത്തുള്ള മൗണ്ട് വ്യൂ ഹോട്ടല്‍ പൊളിച്ച് നീക്കും. 24 മണിക്കൂറിനുള്ളില്‍ ജോലികള്‍ പൂര്‍ണമായും തീര്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന മലാരി ഇന്‍ ഉടമയുടെ പരാതി മൂലമാണ് ഹോട്ടല്‍ പൊളിച്ച് നീക്കുന്ന ജോലികള്‍ ആരംഭിക്കാന്‍ വൈകിയത്. 28 മുറികളുള്ള തന്റെ ഹോട്ടലിന് 15-16 കോടി രൂപ മൂല്യം വരുമെന്നും ബദ്രിനാഥ് വികസന പദ്ധതിക്ക് സമാനമായ രീതിയിലുള്ള നഷ്ടപരിഹാരത്തുക നല്‍കണമെന്നുമാണ് മലാരി ഇന്‍ ഉടമ ഠാക്കൂര്‍ സിംഗ് റാണ ആവശ്യപ്പെടുന്നത്.

