മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്പാലം മുംബൈയില്‍ പണി പുരോഗമിക്കുന്നു. നവംബറില്‍ പണി പൂര്‍ത്തിയാക്കി പാലം പൊതുഗതാഗതത്തിനായി തുറക്കാനാണ് പദ്ധതി.. ആകെ 22 കിലോമീറ്റര്‍ വരുന്ന പാലത്തില്‍ 16.5 കിലോമീറ്റര്‍ കടലിനു മുകളിലൂടെയാണ്. ദക്ഷിണ മുംബൈയിലെ ശിവ്രിയില്‍ നിന്നു നവിമുംൈബയ്ക്കടുത്ത് നാവസേവയിലേക്കുള്ളതാണ് ട്രാന്‍സ്ഹാര്‍ബര്‍ ലിങ്ക് എന്നറിയപ്പെടുന്ന പാലം.ശിവ്രിയില്‍ നിന്നു നവിമുംബൈയിലേക്ക് 20 മിനിറ്റ് കൊണ്ട് എത്താം.
തിരക്കേറിയ സമയങ്ങളില്‍ രണ്ടു മണിക്കൂറിലേറെയുള്ള യാത്രാസമയമാണ് പാലം തുറക്കുന്നതോടെ ഗണ്യമായി കുറയുന്നതെന്ന് നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. പാലത്തിന്റെ 90 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായതായി പദ്ധതിയുടെ ചുമതല വഹിക്കുന്ന മുംബൈ മെട്രൊപ്പൊലിറ്റന്‍ റീജന്‍ ഡെവല്പമെന്റ് അഥോറിറ്റിയുടെ (എംഎംആര്‍ഡിഎ) കമ്മിഷണര്‍ എസ്.വി.ആര്. ശ്രീനിവാസ് പറഞ്ഞു.
ദക്ഷിണ മുംബൈയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന തീരദേശ റോഡിനെ പാലവുമായി ബന്ധിപ്പിക്കുന്നുണ്ട്. മുംബൈപുണെ എക്സ്പ്രസ് വേയ്ക്ക് അടുത്ത് അവസാനിക്കുന്നതിനാല്‍ മുംബൈ-പുണെ നഗരങ്ങള്‍ തമ്മിലുള്ള ദൂരവും കുറയും. ഇരുവശത്തേക്കും മൂന്നു വരി വീതം ആറുവരിപ്പാതയാണുള്ളത്. 2018ലാണ് നിര്‍മ്മാണം ആരംഭിച്ചത്. 17,843 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കാറുകള്‍ക്ക് 175 രൂപയാണ് ടോള്‍ നിരക്ക്.

