മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു ചാമ്ബ്യൻസ് ലീഗ് കിരീടം നേടി കൊടുക്കുക എന്നത് തന്റെ വലിയ സ്വപ്നവും അഭിനിവേശവുമാണെന്ന് കോച്ച് പെപ് ഗ്വാര്‍ഡിയോള.
ഇന്റര്‍ മിലാനുമായുള്ള ചാമ്ബ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി ഇസ്താംബൂളില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പെപ് ഗ്വാര്‍ഡിയോള.
“സിറ്റിയുടെ പരിശീലകൻ എന്ന നിലയില്‍ ചാമ്ബ്യൻസ് ലീഗ് നേടുക എന്നത് തീര്‍ച്ചയായും ഒരു സ്വപ്നമാണ്. സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആഗ്രഹത്തെ അഭിനിവേശം എന്ന് പറയാം. ചാമ്ബ്യൻസ് ലീഗ് കിരീടം ഒരു സ്വപ്നം തന്നെയാണ്.” മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകൻ പറഞ്ഞു.
“ചാമ്ബ്യൻസ് ലീഗ് കിരീടം എത്ര പ്രധാനപ്പെട്ടതാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇതിനെ കുറിച്ച് ആളുകള്‍ പറയുന്നതിനെ ഞാൻ ഗൗനിക്കാൻ പോകാറില്ല. ഞങ്ങള്‍ എന്താണോ ചെയ്യേണ്ടത് അതില്‍ മാത്രമാണ് എന്റെ ശ്രദ്ധ. ഞാൻ ഇന്റര്‍ മിലാന്റെ മത്സരങ്ങള്‍ കണ്ടിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ ശൈലിയില്‍ കളിക്കാനാണ് നോക്കുക. മത്സരം കഴിയുന്നതോടെ എല്ലാം അവസാനിക്കും. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീം വിജയിക്കും.” പെപ് ഗ്വാര്‍ഡിയോള വ്യക്തമാക്കി.
“ചാമ്ബ്യൻസ് ലീഗിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ ഇന്റര്‍ മിലാൻ ഞങ്ങളെക്കാള്‍ വലിയ ടീമാണ്. എന്നാല്‍, ഈ മത്സരം ജയിക്കാൻ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഞങ്ങള്‍ക്കാണ്. പക്ഷേ, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇസ്താംബൂളില്‍ രാത്രി 10 മണിയാകും മുൻപ് സാധ്യമായ ഏറ്റവും മികച്ച പ്രകടനം ഞങ്ങള്‍ കാഴ്ചവെക്കണം എന്നതാണ്. അതിലാണ് കാര്യം.” മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകൻ പറഞ്ഞു.
തന്റെ വിജയ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോള്‍ പെപ് ഗ്വാര്‍ഡിയോള ഇങ്ങനെ മറുപടി പറഞ്ഞു.”അതിന്റെ കാരണം എനിക്ക് മികച്ച താരങ്ങള്‍ ഉള്ളത് കൊണ്ടാണ്. നേരത്തെ മെസി ഉണ്ടായിരുന്നു, ഇപ്പോള്‍ ഹാലണ്ട്. ഇതാണ് എന്റെ വിജയ രഹസ്യം. ഞാൻ തമാശ പറയുകയല്ല. എന്നാല്‍, അവര്‍ ഒറ്റയ്ക്ക് ചിന്തിച്ചാല്‍ ഒന്നും നടക്കില്ല. എല്ലാവരും ചേരുമ്ബോഴാണ് ഒരു മികച്ച ടീം ഉണ്ടാകുന്നത്. ” ഗ്വാര്‍ഡിയോള തന്റെ നിലപാട് സൂചിപ്പിച്ചു.
ഇന്ത്യൻ സമയം നാളെ പുലര്‍ച്ചെ 12.30നാണ് മാഞ്ചസ്റ്റര്‍ സിറ്റി-ഇന്റര്‍ മിലാൻ ചാമ്ബ്യൻസ് ലീഗ് ഫൈനല്‍ പോരാട്ടം. തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് സ്വപ്ന ഫൈനല്‍.

