ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന വരുണ്‍ ഗാന്ധി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ബിജെപി ദേശീയ സമിതി അംഗമായിരുന്ന വരുണ്‍ ഗാന്ധിയെ ഇത്തവണ പുനഃസംഘടനയില്‍ ഒഴിവാക്കിയിരുന്നു. അമ്മ മനേക ഗാന്ധിയേയും കുറച്ച് കാലമായി ബിജെപിയില്‍ അതൃപ്തയാണ്. സമീപകാലത്തെ ചില പരാമര്‍ശങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് പൊതുതെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ വരുണ്‍ ഗാന്ധി എത്തുമെന്ന രീതിയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നത്.
സമീപകാലത്ത് വരുണ്‍ ഗാന്ധി നടത്തിയ പ്രസ്താവനകളും സ്വന്തം പാര്‍ട്ടിയുടെ നയങ്ങളെയും കീഴ്‌വഴക്കങ്ങളെയും കുറിച്ചുള്ള തുറന്ന വിമര്‍ശനങ്ങളുമാണ് ഇങ്ങനൊരു ചര്‍ച്ചയിലേക്ക് വഴിവെച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ ബിജെപിയോടുള്ള അദ്ദേഹത്തിന്റെ നിരാശ പ്രകടമായിരുന്നു.
ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വരുണ്‍ ഗാന്ധി നേതൃത്വത്തിന് എതിരെ നടത്തിയ വിമര്‍ശനങ്ങള്‍ പല സമയങ്ങളിലും ചര്‍ച്ചയായിരുന്നു.സംഘപരിവാര്‍ കോണ്‍ഗ്രസിനും നെഹ്റുവിനുമെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയപ്പോഴും വരുണ്‍ ഗാന്ധി മൗനം പാലിച്ചിരുന്നു.
താന്‍ കോണ്‍ഗ്രസിനും പണ്ഡിറ്റ് നെഹ്റുവിനും എതിരല്ലെന്ന് പറയുന്ന വരുണ്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാനും തുടങ്ങി. സഹോദരങ്ങളെ ഭിന്നിപ്പിക്കുകയും, സഹോദരങ്ങളെ കൊല്ലുകയും ചെയ്യുന്ന രാഷ്ട്രീയം നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘ഞാന്‍ നെഹ്റുവിനും കോണ്‍ഗ്രസിനും എതിരല്ല. ആഭ്യന്തരയുദ്ധത്തിന് പ്രേരപ്പിക്കുന്നതല്ല മറിച്ച് ആളുകളെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതായിരിക്കണം നമ്മുടെ രാഷ്ട്രീയം. ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരില്‍ മാത്രം വോട്ട് സമ്ബാദിക്കുന്നവര്‍ തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ ചോദിക്കണം. ആളുകളെ അടിച്ചമര്‍ത്തുന്നതില്‍ വിശ്വസിക്കുന്ന രാഷ്ട്രീയം നമ്മള്‍ പിന്തുടരരുത്. ആളുകളുടെ പുരോഗമനമാണ് നാം രാഷ്ട്രീയത്തിലൂടെ ചെയ്യേണ്ടത്’, വരുണ്‍ ഗാന്ധി പറഞ്ഞു
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ബഹുജനസമ്ബര്‍ക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയ്ക്കിടെ ചെങ്കോട്ടയ്ക്ക് സമീപം രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗവും വരുണ്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളും തമ്മില്‍ സാമ്യമുണ്ടെന്ന വിലയിരുത്തലുമായി രാഷ്ട്രീയ നിരീക്ഷകര്‍ രംഗത്ത് വരുന്നത്. ഇതോടെ വരുണ്‍ ഗാന്ധി ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മാറാനുള്ള സാധ്യതയെക്കുറിച്ചുള്ള പുതിയ ഊഹാപോഹങ്ങള്‍ പ്രചരിക്കാനും കാരണമായി.
കോണ്‍ഗ്രസില്‍ വരുണ്‍ ഗാന്ധിക്ക് സ്ഥാനമുണ്ടോയെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചപ്പോള്‍ അത് പാര്‍ട്ടി അധ്യക്ഷനോട് ചോദിക്കണമെന്നായിരുന്നു മുന്‍ അധ്യക്ഷന്റെ പ്രതികരണം. പ്രതിപക്ഷ കക്ഷികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ 2024 ല്‍ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ അടിയൊഴുക്കുണ്ട്. പ്രതിപക്ഷ കക്ഷി നേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുണ്ടെന്ന് തനിക്കറിയാമെന്നുമായിരുന്നു രാഹുല്‍ പ്രതികരിച്ചത്. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആരുടെ മുന്നിലും യാത്രയുടെ വാതിലുകള്‍ തുറന്നുകിടക്കും. ആര്‍ക്കും യാത്രയിലേക്ക് കടന്ന് വരാമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
നേരത്തെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തില്‍ ബിജെപിയെ ഏറെ പ്രതിരോധത്തിലാഴ്‌ത്തിയത് വിഷയത്തില്‍ വരുണ്‍ ഗാന്ധി നടത്തിയ പ്രതികരണം കൂടിയായിരുന്നു. കര്‍ഷകരെ കൊലപ്പെടുത്തി നിശബ്ദരാക്കാന്‍ ആവില്ലെന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
2019ലെ മോദി മന്ത്രിസഭയില്‍ തന്റെ അമ്മ മനേക ഗാന്ധിക്കോ തനിക്കോ സ്ഥാനം ലഭിക്കാതെ വന്നതോടെയാണ് വരുണ്‍ ഗാന്ധിയുടെ വിയോജിപ്പിന്റെ ആദ്യ സൂചനകള്‍ പുറത്തുവന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള നേതാവായി വരുണ്‍ ഗാന്ധിയെ പരാമര്‍ശിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ ഇതിന് തടയിട്ടുകൊണ്ടായിരുന്നു യോഗി ആദിത്യനാഥ് പെട്ടെന്ന് ആ സ്ഥാനത്തേക്ക് വന്നത്. ഇതേ തുടര്‍ന്ന് പിന്നീടിങ്ങോട്ട് ബിജെപിയെ വിമര്‍ശിക്കാനുള്ള ഒരു അവസരവും വരുണ്‍ പാഴാക്കിയിട്ടില്ല.
ഇന്ദിര ഗാന്ധിയുടെ രണ്ടാമത്തെ മകനായിരുന്ന സഞ്ജയ് ഗാന്ധിയുടെ വിധവയാണ് മനേക ഗാന്ധി. സഞ്ജയ് ഗാന്ധിയുടെ മരണത്തോടെയാണ് മനേകയും ഇന്ദിരയും തമ്മില്‍ അകലുന്നത്. പിന്നീട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന മനേക കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോവുകയായിരുന്നു.
1984 ല്‍, രജീവ് ഗാന്ധിക്കെതിരെ അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മനേക മത്സരിച്ചെങ്കിലും വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. അതിനിടെ രാഷ്ട്രീയ സഞ്ജയ് മഞ്ച് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. 1988 ല്‍ വിപി സിങ്ങിന്റെ ജനതാ ദളില്‍ ചേര്‍ന്നു, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി. 89 ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ പിലിഭിത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് വിജയവും നേടി. 2004 ല്‍ ആണ് മനേക ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും ഔദ്യോഗികമായി ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഒന്നാം മോദി സര്‍ക്കാറില്‍ മനേക അംഗമായിരുന്നു.

