പൂനെ: അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കാന്‍ തയ്യാറല്ലെങ്കില്‍ വികസനമുളള കര്‍ണാടകയിലേക്ക് തങ്ങളുടെ ഗ്രാമത്തെ ലയിപ്പിക്കണമെന്ന് ആവശ്യവുമായി 11 ഗ്രാമവാസികള്‍.
മഹാരാഷ്‌ട്രയിലെ അതിര്‍ത്തി ജില്ലയായ സോലാപൂരിലെ അക്കല്‍കോട്ട് താലൂക്കിലെ ജനങ്ങളുടെയാണ് ഈ ആവശ്യം. സോലാപൂരിലെ കല്ലകര്‍ജല്‍, കേഗാവ്, ഷേഗാവ്, കോര്‍സെഗാവ്, ആളഗി, ഹില്ലി, അന്ധേവാടി,ദേവികാവതേ, മന്‍ഗ്രൂല്‍,ഷവാള്‍ എന്നിങ്ങനെ പതിനൊന്ന് പഞ്ചായത്തുകള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന് കളക്‌ടറോട് പരാതിപ്പെട്ടു.
ഇവിടങ്ങളില്‍ മതിയായ റോഡ് ഇല്ല,വൈദ്യുതി, വെളളം എന്നിങ്ങനെ സൗകര്യങ്ങളില്ല എന്ന് ഗ്രാമവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പുറമേ ഗ്രാമത്തിലെ അദ്ധ്യാപകര്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ പോലും റോഡില്ല എന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെങ്കില്‍ തങ്ങളുടെ ഗ്രാമങ്ങളെ കര്‍ണാടകയില്‍ ലയിപ്പിക്കണമെന്നാണ് രേഖാമൂലം കളക്‌ടറോട് ഇവര്‍ ആവശ്യപ്പെട്ടത്.
കര്‍ണാടക- മഹാരാഷ്‌ട്ര അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ബെലഗാവിയുടെ സമീപമാണ് ഈ ഗ്രാമങ്ങള്‍ എന്നതാണ് പ്രശ്‌നത്തെ രൂക്ഷമാക്കുന്നത്. കര്‍ണാടകയിലെ അയല്‍ഗ്രാമങ്ങളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ട് എന്നതിനാലാണ് ഗ്രാമവാസികള്‍ ഈ ആവശ്യമുന്നയിച്ചത്. അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ കര്‍ണാടകയിലേക്ക് മഹാരാഷ്‌ട്ര എംഎസ്‌ആര്‍ടിസി ബസുകള്‍ അയച്ചിരുന്നില്ല. ഇവിടെ നിന്നും എത്തുന്ന ട്രക്കുകള്‍ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.

