ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സംഗ്രൂരിലെ വീടിന് മുന്നില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഭവസമയത്ത് മാന്‍ ഗുജറാത്തിലായിരുന്നു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എന്‍ആര്‍ഇജിഎസ്) പ്രകാരമുള്ള മിനിമം വേതന തുക 700 രൂപയായി ഉയര്‍ത്തണമെന്നും പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്ന 5 മാര്‍ല ഭൂമി പദ്ധതി നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, പ്രതിഷേധക്കാര്‍ വീടിന്‍റെ ഗേറ്റിന് മുന്നില്‍ ധര്‍ണ നടത്തുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. ലാത്തിച്ചാര്‍ജില്‍ ചില പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. നേരത്തെ 19 ദിവസത്തോളം കര്‍ഷകര്‍ സമരം ചെയ്തിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്ന് ഒക്ടോബറില്‍ സമരം പിന്‍വലിച്ചിരുന്നു.

