ദില്ലി: പാകിസ്ഥാനില്‍ ഹിന്ദു യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യ. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പാകിസ്ഥാന് നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു.
സിന്ധ് പ്രവിശ്യയിലാണ് 40കാരിയായ ദയാ ഭീലിനെ കൊലപ്പെടുത്തിയത്. കൊലപാതക വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെങ്കിലും കേസിനെക്കുറിച്ച് വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ഹിന്ദു യുവതിയുടെ കൊലപാതകത്തില്‍ പാകിസ്ഥാനിലെ സിന്ധില്‍ രോഷം ആളിക്കത്തുകയാണ്.
തര്‍പാര്‍ക്കര്‍ സിന്ധില്‍ നിന്നുള്ള പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ എംപി കൃഷ്ണ കുമാരിയാണ് കൊലപാതക വിവരം ട്വീറ്റ് ചെയ്തത്. യുവതിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട അവസ്ഥയിലായിരുന്നെന്നും മാറിടം മുറിച്ചുമാറ്റിയെന്നും എംപി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. . കൃഷിയിടത്തില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിക്ക് നാല് കുട്ടികളുണ്ട്. അന്വേഷണം പുരോഗമിക്കുനുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

