ഇസ്ലാമാബാദ്: പെട്രോള്‍, ഡീസല്‍ വില 35 രൂപ വീതം വര്‍ദ്ധിപ്പിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍. പണപ്പെരുപ്പവും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും മൂലം വലയുന്ന പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് വില വര്‍ദ്ധനവ് വലിയ തിരിച്ചടിയായി.
ഞായറാഴ്ച രാവിലെ ധനമന്ത്രി ഇഷാഖ് ധര്‍ ടെലിവിഷനിലൂടെയാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്. ഇതോടെ പെട്രോളിന് 249.80 രൂപയും ഡീസലിന് 262.80 രൂപയുമായി. മണ്ണെണ്ണയ്ക്ക് 18 രൂപയാണ് കൂട്ടിയത്.
പുതുക്കിയ വില ഞായറാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. പാകിസ്ഥാനില്‍ എല്ലാ മാസവും 1 മുതല്‍ 16 വരെ രണ്ടാഴ്ചയിലൊരിക്കല്‍ എണ്ണവില പരിഷ്കരിക്കാറുണ്ട്. സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ശന വ്യവസ്ഥകള്‍ പാലിച്ച് അന്താരാഷ്ട്ര നാണയ നിധിയുടെ വായ്പാ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഭരണ സഖ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
വിലക്കയറ്റത്തിന് മുന്നോടിയായി പാകിസ്ഥാനിലെ പെട്രോള്‍ പമ്ബുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു.

