ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേവുമായി കേന്ദ്ര സര്‍ക്കാര്‍.
ഉത്സവകാലവും പുതുവത്സര ആഘോഷവും കണക്കിലെടുത്ത് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുകയും ഇത്തരം സ്ഥലങ്ങളില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പരിശോധന നിരക്ക് വര്‍ധിപ്പിക്കണം, ശ്വാസസംബന്ധമായ പ്രശ്നങ്ങളുള്ള രോഗികളെ പ്രത്യേകം നിരീക്ഷിക്കണം, ആശുപത്രിയില്‍ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കണം പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കണം തുടങ്ങിയവയും നിര്‍ദേശത്തിലുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത പരിശോധിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

