ന്യൂഡല്‍ഹി: ജഡ്ജിമാരെ പൊതുജനം നിരന്തരം നിരീക്ഷിക്കുകയും അവര്‍ നീതി നല്കുന്ന രീതി നോക്കി വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് നിയമമന്ത്രി കിരണ്‍ റിജിജു.
ജുഡീഷ്യറിയും എക്സിക്യൂട്ടിവും തമ്മിലുള്ള വടംവലിക്കിടെ തീസ്ഹസാരി കോടതി സമുച്ചയത്തില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ചടങ്ങിലാണ് മന്ത്രിയുടെ പരാമര്‍ശം.
സമൂഹമാധ്യമങ്ങളിലൂടെ പൊതുജനം സര്‍ക്കാറിനെ നിരന്തരം ആക്രമിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നു. അവര്‍ അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ ഞങ്ങള്‍ അധികാരത്തിലെത്തും. ഇല്ലെങ്കില്‍ പ്രതിപക്ഷത്തിരുന്ന് സര്‍ക്കാറിനെ വിമര്‍ശിക്കും. അതേസമയം, ഒരാള്‍ ജഡ്ജിയായാല്‍ പിന്നെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതില്ല. അവര്‍ ജനഹിതം തേടേണ്ടതില്ല. ആളുകള്‍ തെരഞ്ഞെടുക്കാത്തതിനാല്‍ അവര്‍ക്ക് നിങ്ങളെ മാറ്റാന്‍ കഴിയില്ല. എന്നാല്‍, അവര്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നിങ്ങളുടെ വിധിന്യായങ്ങള്‍, വിധി പ്രസ്താവിക്കുന്ന രീതി എല്ലാം അവര്‍ വിലയിരുത്തുകയും അഭിപ്രായം രൂപവത്കരിക്കുകയും ചെയ്യുന്നുണ്ട് -മന്ത്രി പറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ കാലത്ത് ഒന്നും മറച്ചുവെക്കാനാവില്ല. സമൂഹമാധ്യമങ്ങളില്‍ ജഡ്ജിമാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ എന്തെങ്കിലും ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് അഭ്യര്‍ഥിച്ചതായും റിജിജു പറഞ്ഞു.

