ദോഹ: സി ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ഗ്രൂപ് ചാംപ്യന്മാരായി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.
ഓസ്ട്രേലിയയാണ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. തോറ്റെങ്കിലും 4 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറില്‍ ഇടംനേടി. സൗദിയെ തോല്പിച്ചതോടെ മെക്സിക്കോക്ക് നാലു പോയന്റായെങ്കിലും ഗോള്‍ശരാശരിയില്‍ പോളണ്ട് മുന്നിലെത്തി.
മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഗോളുകള്‍. അലെക്സിസ് മാക് അലിസ്റ്റര്‍ (46), ജൂലിയന്‍ അല്‍വാരസ് (67) എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. ബോക്സിന്റെ വലതുവിങ്ങില്‍ നിന്നുള്ള നഹുവല്‍ മൊലിനയുടെ ക്രോസ് അലിസ്റ്റര്‍ വലയിലെത്തിക്കുകയായിരുന്നു. പോളണ്ട് ബോക്സിനകത്തേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ എന്‍സോ ഫെര്‍ണാണ്ടസ് നല്കിയ പന്താണ് അല്‍വാരസ് ഗോളാക്കിയത്. നേരത്തെ സൂപ്പര്‍താരം ലയണല്‍ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു.
പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ സമനില മതിയെന്നിരിക്കെ, പ്രതിരോധത്തിലൂന്നിയാണ് പോളണ്ട് പന്തുതട്ടിയത്. ഗോളിലേക്കുള്ള നീക്കങ്ങളൊന്നും കാര്യമായുണ്ടായില്ല. എന്നാല്‍, പന്തടക്കത്തിലും പാസ്സിങ്ങിലും ആക്രമണത്തിലും അര്‍ജന്റീന ബഹുദൂരം മുന്നിലായിരുന്നു. ഗോളൊന്നുറപ്പിച്ച അര്‍ജന്റീനയുടെ പല നീക്കങ്ങളും പോളണ്ട് താരങ്ങള്‍ പ്രതിരോധിച്ചു. ഷോട്ട് ഓണ്‍ ടാര്‍ജറ്റില്‍ 12 തവണയാണ് അര്‍ജന്റീന തൊടുത്തത്.

