ഡല്‍ഹി: പാട്നയില്‍ നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യസമ്മേളനത്തില്‍ നിന്നും മായാവതിയുടെ ബി എസ് പി വിട്ട് നില്‍ക്കും.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാണ് തങ്ങളുടെ തീരുമാനമെന്ന് ബി എസ് പി നേതൃത്വം വ്യക്തമാക്കി. ബി ജെ പിക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകാണമെന്നത് സംബന്ധിച്ച് പോലും പാര്‍ട്ടികള്‍ക്കിടയില്‍ ഇതുവരേയും സമവായം ഉണ്ടായിട്ടില്ലെന്നും ബി എസ് പി നേതൃത്വം പരിഹസിച്ചു.
പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാൻ മായാവതിയെ ക്ഷണിച്ചിട്ടില്ലെന്ന് ജെഡിയു നേതാവ് കെസി ത്യാഗി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഖ്യത്തിന്റെ ഭാഗമാകാൻ തങ്ങള്‍ക്കും താത്പര്യമില്ലെന്നായിരുന്നു ബി എസ് പി വ്യക്തമാക്കിയത്. നിരവധി തവണ പ്രതിപക്ഷ നേതാക്കള്‍ കൂടിക്കാഴ്ചയും ചര്‍ച്ചകളും നടത്തിയിട്ടും ബി ജെ പിക്കെതിരായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെ ഉയര്‍ത്തിക്കാണിക്കണമെന്നത് സംബന്ധിച്ച് പോലും പാര്‍ട്ടികള്‍ക്കിടയില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നും ബി എസ് പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മായാവതിയായിരിക്കുമെന്നും നേതൃത്വം പറഞ്ഞു.
അതിനിടെ പ്രതിപക്ഷ യോഗത്തിന് ക്ഷണം ലഭിക്കാത്തതില്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച തലവൻ ജിതിൻ റാം മാഞ്ജിയും കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ ജെ ഡി യു തലവൻ നിതീഷ് കുമാറിനൊപ്പം താൻ ഉറച്ച് നില്‍ക്കുമെന്നും മാഞ്ജി പറഞ്ഞു. കഴിഞ്ഞ ദിവസം നീതീഷ് കുമാറിൻറെ വസതിയിലെത്തി എച്ച്‌എഎം എംഎല്‍മാര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ വേണമെന്ന് എംഎല്‍എമാര്‍ നിതീഷിനെ അറിയിച്ചു. എന്നാല്‍ പ്രതിപക്ഷകക്ഷി നേതാക്കള്‍ യോജിച്ചായിരിക്കും സീറ്റ് വിഭജന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയെന്നായിരുന്നു നിതീഷ് അറിയിച്ചത്.
ജൂണ്‍ 23 നാണ് പാട്നയില്‍ വെച്ച് പ്രതിപക്ഷ നേതൃയോഗം ചേരുന്നത്.20 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, തൃണമൂല്‍ നേതാവ് മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
450 ലോക്‌സഭാ സീറ്റുകളില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥികളെ മാത്രം മത്സരിപ്പിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കുകയാണ് പ്രധാന ലക്ഷ്യം.

