കോലഞ്ചേരി: ആയുര്‍വേദ മരുന്ന് കമ്ബനി ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെ സാഹസികമായി പിടികൂടി കുന്നത്തുനാട് പോലീസ്.
തിരുപ്പൂര്‍ പോലീസിന്‍റെ സഹായത്തോടെ പ്രതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് തിരുപ്പൂര്‍ മാര്‍ക്കറ്റിനുള്ളിലുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
നെല്ലാട് ഹരിദേവ് ഫോര്‍മുലേഷന്‍സ് ഉടമ എം.എസ്. രഘുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒറ്റപ്പാലം പാലപ്പുറം എട്ടുങ്ങല്‍പ്പടി ബിനീഷ് (43), തിരുപ്പൂര്‍ സന്തപ്പെട്ട ശിവ ( 40), കഞ്ചിക്കോട് ചെമ്മണംകാട് കാര്‍ത്തികയില്‍ ശ്രീനാഥ് (33) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കമ്ബനിയുടെ മരുന്ന് തമിഴ്നാട്ടില്‍ വിതരണം ചെയ്യാന്‍ താല്‍പര്യമറിയിച്ചാണ് രഘുവിനെ സംഘം സമീപിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച കോയമ്ബത്തൂരിലേക്ക് വിളിച്ചുവരുത്തി വിജനമായ സ്ഥലത്തെ ഫാമിലെത്തിച്ചു. അവിടെവെച്ച് അപ്രതീക്ഷിതമായി രഘുവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി മര്‍ദിക്കുകയായിരുന്നു. രാത്രി മകനെ വിളിച്ച് 42 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ പിതാവിനെ കൊന്നുകളയുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.
ഇതേതുടര്‍ന്ന് മകന്‍ നല്‍കിയ പരാതിയില്‍ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഒറ്റരാത്രികൊണ്ട് പ്രതികളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് രഘുവിനെ മോചിപ്പിച്ചു.

