ന്യൂഡല്‍ഹി
മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹാജരാക്കിയ രേഖകളിലെ അവ്യക്തത ചൂണ്ടിക്കാട്ടി സുപ്രീംകോടതി.
സംപ്രേഷണ വിലക്കിനെതിരെ ചാനല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് അവ്യക്തത ചൂണിക്കാണിച്ചത്. കേസ് വിധി പറയാന്‍ കോടതി മാറ്റി.
ഫയലിലെ 807 -,808, 839, -840 പേജുകള്‍ വായിക്കാന്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നടരാജിനോട് കോടതി ആവശ്യപ്പെട്ടു. രേഖകളിലെ അവ്യക്തതയെക്കുറിച്ച് കേരള ഹൈക്കോടതി വിധിയില്‍ സൂചിപ്പിച്ചതും ഓര്‍മിപ്പിച്ചു. ഉള്ളടക്കത്തെ കുറിച്ച് പറയാന്‍ കഴിയില്ലെന്ന് എഎസ്ജി അറിയിച്ചു. ഇതോടെ ഫയല്‍ വാങ്ങി ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹിമാ കോഹ്ലിയും പരിശോധിച്ചു. സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ 2019ല്‍ ഡൗണ്‍ലിങ്കിങ് ലൈസന്‍സ് പുതുക്കി നല്‍കിയത് എന്തിനെന്നും കോടതി ചോദിച്ചു. ചാനലിനുവേണ്ടി ദുഷ്യന്ത് ദവെ, എഡിറ്റര്‍ പ്രമോദ് രാമന് വേണ്ടി ഹുസേഫാ അഹ്മദി, കേരള പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി മുകുള്‍ രോഹ്തഗി എന്നിവര്‍ ഹാജരായി.

