പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനമെന്ന പേരില്‍ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍.
ആറന്മുള എരുമക്കാട് തലക്കാട്ടുമലയില്‍ സിബിന് ജോണ്സന് എന്ന് 35 കാരനാണ് അറസ്റ്റിലായത്. ഫെബ്രുവരി 22ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പോലീസ് നടപടി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇയാള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം അഭ്യര്‍ഥിച്ച് ഒരു മാധ്യമ സ്ഥാപനത്തിന്റെ വാട്ടര്‍മാര്‍ക്ക് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും വേണ്ടി ആള്‍മാറാട്ടം നടത്തി. വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്നിവയാണ് ഇയാള്‍ക്കെതിരായ കുറ്റം.

