വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ നിഷ ദേശായി ബിസ്വാളിനെ യുഎസ് ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫായി പ്രസിഡന്‍റ് ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു.
യുഎസ് ഇന്‍റര്‍നാഷണല്‍ ഡെവലപ്മെന്‍റ് ഫിനാന്‍സ് കമ്മീഷന്‍റെ ഉന്നത അഡ്മിനിസ്ട്രേറ്റീവ് സ്ഥാനത്തേക്കാണ് ഇന്ത്യന്‍ വംശജയായ സ്ത്രീയെ ബൈഡന്‍ ശുപാര്‍ശ ചെയ്തത്. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബറാക്ക് ഒബാമ ഭരണകാലത്ത് ദക്ഷിണ-മധ്യേഷ്യയുടെ അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ബിസ്വാളിന് യുഎസ് വിദേശകാര്യ നയം, സ്വകാര്യ മേഖല, അന്താരാഷ്ട്ര വികസന പരിപാടികള്‍ എന്നിവയില്‍ ദീര്‍ഘകാല പരിചയമുണ്ട്.
നിലവില്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിലെ ഇന്‍റര്‍നാഷണല്‍ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് സീനിയര്‍ വൈസ് പ്രസിഡന്‍റാണ് ബിസ്വാള്‍. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍, യുഎസ്-ബംഗ്ലാദേശ് ബിസിനസ് കൗണ്‍സില്‍ എന്നിവയുടെ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. 2013 മുതല്‍ 2017 വരെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ സേവനമനുഷ്ഠിച്ച ബിസ്വാള്‍ യുഎസ്-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
യുഎസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്മെന്‍റില്‍ ഏഷ്യയുടെ അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്ററായും ബിസ്വാള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ, മധ്യ, തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളമുള്ള യുഎസ് എയ്ഡ് പ്രോഗ്രാമുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ഡല്‍ഹിയിലും നിഷ ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ആന്‍ഡ് ഫോറിന്‍ ഓപ്പറേഷന്‍സ് സബ് കമ്മിറ്റിയില്‍ സ്റ്റാഫ് ഡയറക്ടറായും ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിര്‍ജീനിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ബിസ്വാള്‍ ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

