ന്യൂഡല്‍ഹി: മോദി-അദാനി ബന്ധത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ രേഖയില്‍ നിന്ന് നീക്കം ചെയ്‌തതും പാര്‍ട്ടി എം.പി രജനി പാട്ടീലിനെ സസ്‌പെന്‍ഡ് ചെയ്‌തതും ചോദ്യം ചെയ്‌തുള്ള പ്രതിഷേധത്തില്‍ രാജ്യസഭ സ്‌തംഭിച്ചു.
ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന്റെ അവസാന ദിനം ബഹളത്തോടെ അവസാനിച്ചു. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഉച്ചയ്‌ക്കു മുമ്ബേ പിരിഞ്ഞപ്പോള്‍ ലോക്‌സഭ മുഴുദിനം പ്രവര്‍ത്തിച്ചു. ഇരുസഭകളും മാര്‍ച്ച് 12ന് വീണ്ടും ചേരും.
രാജ്യസഭയില്‍ സര്‍ക്കാരിനെ സഹായിക്കുന്നുവെന്ന ആരോപണം നേരിടുന്ന അദ്ധ്യക്ഷന്‍ ജഗ്‌ദീപ് ധന്‍കറും പ്രതിപക്ഷവുമായി ഏറ്റുമുട്ടലുണ്ടായി.
തന്റെ പരാമര്‍ശങ്ങള്‍ നീക്കിയതും നിയമസഭാ നടപടികളുടെ വീഡിയോ പ്രചരിപ്പിച്ചതിന് സമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളില്‍ നിന്ന് രജനി പാട്ടീലിനെ സസ്‌പെന്‍ഡ് ചെയ്തതും കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു.
താന്‍ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം നിരവധി തവണ ഖാര്‍ഗെ ഉയര്‍ത്തിയെന്ന് ധന്‍കര്‍ പറഞ്ഞു. ഇവയെല്ലാം സഭാരേഖയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതാണ്. ബോധപൂര്‍വം തടസം സൃഷ്‌ടിച്ച് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അവകാശം ഖാര്‍ഗെ നഷ്ടപ്പെടുത്തുകയാണ്. സഭയുടെ നടത്തിപ്പിനുള്ള മാര്‍ഗം ഇതല്ല. ഒരുപാട് സമയം പാഴാക്കി. ഇങ്ങനെ സഭ തടസപ്പെടുകയാണെങ്കില്‍, ജനങ്ങളുടെ പ്രതീക്ഷയ്‌ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അദ്ധ്യക്ഷന്‍ സമ്മര്‍ദ്ദത്തിലാണെന്ന ഖാര്‍ഗെയുടെ ഇന്നലത്തെ പരാമര്‍ശവും രേഖയില്‍ നിന്ന് നീക്കം ചെയ്തു.
രാവിലെ 11ന് അദാനി വിഷയത്തില്‍ സഭ നിറുത്തിവച്ച് ചര്‍ച്ച നടത്തണമെന്ന അടിയന്തര പ്രമേയ നോട്ടീസുകള്‍ തള്ളിയതില്‍ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ്, ആംആദ്‌മി എം.പിമാര്‍ക്ക് അദ്ധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബഹളത്തെ തുടര്‍ന്ന് 11.50വരെ പിരിഞ്ഞ സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നതോടെ മാര്‍ച്ച് 12വരെ സഭ പിരിയുകയാണെന്ന് ധന്‍കര്‍ അറിയിച്ചു.
പാര്‍ലമെന്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 14 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാവിലെ ഖാര്‍ഗെയുടെ ചേംബറില്‍ യോഗം ചേര്‍ന്നിരുന്നു.പാര്‍ലമെന്റ് ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വേദിയാകണമെന്നും
പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താനുള്ള വേദിയായി പാര്‍ലമെന്റിനെ ഉപയോഗിക്കരുതെന്നും
യോഗത്തിന് ശേഷം ഖാര്‍ഗെ പറഞ്ഞു.
അദ്ധ്യക്ഷനു നേരെ കൈചൂണ്ടി ജയ
സമാജ്‌വാദി പാര്‍ട്ടി എം.പിയും ആദ്യകാല നടിയുമായ ജയ ബച്ചന്‍ രാജ്യസഭാ അദ്ധ്യക്ഷന്‍ ജഗ്‌ദീപ് ധന്‍ങ്കറിനു നേരെ ദേഷ്യത്തോടെ വിരല്‍ ചൂണ്ടിയത് അച്ചടക്ക ലംഘനമാണെന്ന് ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് എംപി രജനി പാട്ടീലിനെ പിന്തുണച്ച് സംസാരിച്ചതിന് പിന്നാലെയായിരുന്നു അദ്ധ്യക്ഷനു നേരെയുള്ള രോക്ഷ പ്രകടനം. എം.പിയുടെ പെരുമാറ്റം ലജ്ജാകരമാണെന്ന് ബി.ജെ.പി എം.പിമാര്‍ പറഞ്ഞു.

