അടുത്ത പിഎസ്‌ജി പരിശീലകൻ ആരാകുമെന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം. സ്പാനിഷ് കോച്ച് ലൂയിസ് എൻറിക്വെ ഫ്രഞ്ച് വമ്ബന്മാരെ പരിശീലിപ്പിക്കാൻ അടുത്ത സീസണില്‍ പാരീസില്‍ ഉണ്ടാകും.
പിഎസ്‌ജിയുമായുള്ള കരാറില്‍ ലൂയിസ് എൻറിക്വെ ഉടൻ ഒപ്പിടും. നിലവിലെ പരിശീലകൻ ക്രിസ്റ്റോഫ് ഗാല്‍റ്റിയെ ഔദ്യോഗികമായി ക്ലബ് വിട്ട ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ബാഴ്സലോണയുടെയും സ്പാനിഷ് ദേശീയ ടീമിന്റെയും മുൻ കോച്ചായിരുന്ന എൻറിക്വെ രണ്ട് വര്‍ഷത്തെ കരാറില്‍ ആയിരിക്കും പിഎസ്‌ജിയില്‍ ചേരുക. രണ്ടാഴ്ച മുൻപ് തന്നെ പിഎസ്‌ജി സമര്‍പ്പിച്ച ഓഫര്‍ സ്പാനിഷ് പരിശീലകൻ അംഗീകരിച്ചിരുന്നു. പിഎസ്‌ജിക്ക് കിട്ടാക്കനിയായ ചാമ്ബ്യൻസ് ലീഗ് കിരീടം നേടുക എന്ന ലക്ഷ്യമായിരിക്കും എൻറിക്വെയ്ക്ക് ക്ലബ് പ്രധാനമായും നല്‍കുക.
കഴിഞ്ഞ രണ്ട് സീസണുകളിലും ഫ്രഞ്ച് ലീഗ് കിരീടം പിഎസ്‌ജി സ്വന്തമാക്കിയിരുന്നു. എന്നാല്‍, ചാമ്ബ്യൻസ് ലീഗ് നേടാൻ കഴിയാത്തതാണ് പരിശീലകരായ മൗറീസ്യോ പൊച്ചെട്ടിനോയ്ക്കും ക്രിസ്റ്റോഫ് ഗാല്‍റ്റിയെയ്ക്കും പിഎസ്ജിയില്‍ വിനയായത്. എന്നാല്‍, മുൻപ് ചാമ്ബ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ട്രാക്ക് റെക്കോര്‍ഡുമായാണ് എൻറിക്വെ പിഎസ്‌ജിയിലേക്ക് വരുന്നത്.
2014 മുതല്‍ 2017 വരെ സ്പാനിഷ് വമ്ബൻമാരായ ബാഴ്സലോണയുടെ പരിശീലക സ്ഥാനം വഹിച്ച എൻറിക്വെ, ക്ലബ്ബിനായി ചാമ്ബ്യൻസ് ലീഗും ക്ലബ് ലോകകപ്പും ലാ ലിഗയും ഉള്‍പ്പെടെ നേടി കൊടുത്തിരുന്നു. സൂപ്പര്‍ താരങ്ങളായ മെസിയും നെയ്മറും സുവാരസും അടങ്ങിയ ബാഴ്സ നിരയെ പരിശീലിപിച്ച കോച്ചാണ് സ്പെയിനിന്റെ മുൻ ഇതിഹാസ താരം കൂടിയായ ലൂയിസ് എൻറിക്വെ.
ലൂയിസ് എൻറിക്വെ പിഎസ്‌ജി കോച്ചാകുന്നതോടെ ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മറിന് ക്ലബ്ബില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ നെയ്മര്‍ പിഎസ്ജിയില്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിയൻ സൂപ്പര്‍ താരത്തിന് 2025 വരെ ക്ലബ്ബുമായി കരാര്‍ ഉണ്ട്. നെയ്മര്‍ പിഎസ്‌ജിയില്‍ വേണമെന്ന് ക്ലബ് മാനേജ്മെന്റുമായുള്ള ചര്‍ച്ചകള്‍ക്കിടെ ലൂയിസ് എൻറിക്വെ ആവശ്യപ്പെട്ടതായി ലെ ക്വിപ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

