ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മകുമാറും സൂപ്രണ്ട് ഡോ. ഹരികുമാറും അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ഡോ. ലളിതാംബികയാണെന്ന പ്രചാരണം തെറ്റാണെന്നും ഡോ. ഷാഹിതയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഡോ. ഷാഹിത നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സേവനമനുഷ്ഠിക്കുന്നത്.
കോവിഡ് കാലത്തായിരുന്നു (2021 മെയ് മാസം) ഉഷയുടെ ശസ്ത്രക്രിയ നടന്നത്. വയറ്റിലെ വലിയ മുഴ നീക്കം ചെയ്യാനായിരുന്നു അന്നത്തെ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും ഉപകരണങ്ങളെല്ലാം കൃത്യമാണെന്നാണ് കേസ് ഷീറ്റിലുള്ളത്. ശസ്ത്രക്രിയയില്‍ എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ടെന്നും അധികൃതര്‍ അവകാശപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

