വന്ദേ ഭാരത് ട്രെയിനുകള്‍ വന്‍ വിജയമായതിന് പിന്നാലെ വന്ദേ മെട്രോ നടപ്പാക്കാനൊരുങ്ങി റെയില്‍വേ.മെട്രോനഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാനാണ് വന്ദേഭാരത് ട്രെയിനുകളുടെ ചെറുപതിപ്പായി ‘വന്ദേ മെട്രോ’ ആരംഭിക്കുക. വന്ദേ മെട്രോ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം ഹൈദരാബാദില്‍ പറഞ്ഞിരുന്നു.
‘ വന്ദേ ഭാരത് ട്രെയിനിന്റെ വിജയത്തിന് ശേഷം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ലോകോത്തര നിലവാരത്തിലുള്ള ഒരു പുതിയ പ്രാദേശിക ട്രെയിന്‍ വികസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു, അത് വന്ദേ മെട്രോ ആയിരിക്കും’ -എന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്. നൂറുകിലോമീറ്ററില്‍ താഴെയുള്ള രണ്ട് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാവും വന്ദേ മെട്രോ ഓടുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്പില്‍ ‘റീജിയണല്‍ ട്രാന്‍സ്’ എന്ന പേരില്‍ ഇത്തരത്തിലുള്ള ട്രെയിന്‍ സര്‍വീസ് നിലവിലുണ്ട്.
നഗരത്തിലെ ജനങ്ങളുടെ യാത്രയ്ക്ക് പരമാവധി വേഗവും സുഖവും കൈവരുത്തുക എന്നതാണ് വന്ദേ മെട്രോയുടെ പ്രധാന ലക്ഷ്യം. ഏറക്കുറെ വന്ദേ ഭാരത് ട്രെയിനുകളുടെ രൂപം തന്നെയാവും ഇവയ്ക്ക് ഉണ്ടാവുക എങ്കിലും ബോഗികളുടെ എണ്ണം കുറവായിരിക്കും. വന്ദേഭാരതിന് പതിനാറ് ബോഗികളാണുള്ളത്. എന്നാല്‍ എട്ട് ബോഗികളാവും വന്ദേ മെട്രോയ്ക്ക് ഉണ്ടാവുക. വന്ദേ മെട്രോ ട്രെയിനുകളുടെ രൂപകല്പയും ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും അടുത്ത വര്‍ഷത്തോടെ ഉത്പാദനവും സര്‍വീസു ആരംഭിക്കാനാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

