ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിക്കുമോ? ഇതിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് ആരായുകയാണെന്ന് ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ വിജയ് വസന്തിനെ മാറ്റി വയനാട് എംപി കന്യാകുമാരിയില്‍ എത്തുമോ എന്നാണ് അറിയേണ്ടത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ല.
2019 ല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് എപിമാര്‍ പ്രിയങ്ക ഗാന്ധി കന്യാകുമാരിയില്‍ നിന്ന് മത്സരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, പ്രിയങ്ക അതുസ്വീകരിച്ചില്ല. എന്തായാലും, രാഹുലിനെ കന്യാകുമാരിയില്‍ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതിന് രണ്ടുകാരണങ്ങളുണ്ട്.
ഒന്നാമതായി കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലത്തില്‍, ബിജെപിക്ക് എതിരെ നേര്‍ക്കുനേര്‍ പോരാട്ടമാകും. ഡിഎംകെയും, ഇടതുകക്ഷികളുമായി സഖ്യത്തിലായ കോണ്‍ഗ്രസിന് ജയിച്ചുകയറാന്‍ വിഷമവുമില്ല. രണ്ടാമതായി, സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന രാഹുല്‍, വയനാട്ടില്‍ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നതിലെ ഔചിത്യക്കുറവ്. എന്തായാലും, ആദ്യത്തെ കാരണത്തിനാണ് കൂടുതല്‍ പ്രാധാന്യം കോണ്‍ഗ്രസ് നേതാക്കള്‍ കല്പിക്കുന്നത്.
2019 ലും ബെംഗളൂരു റൂറലിനൊപ്പം കന്യാകുമാരിയും രാഹുലിന് മത്സരിക്കാനുള്ള മണ്ഡലങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് അറിയുന്നത്. അവസാന നിമിഷം അത് വയനാട്ടിലേക്ക് മാറ്റുകയായിരുന്നു. രാഹുല്‍ കന്യാകുമാരിയിലേക്ക് മാറിയാല്‍, പകരം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്. കന്യാകുമാരിയില്‍ മത്സരിച്ചാല്‍, രാഹുല്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സംയുക്ത സ്ഥാനാര്‍ത്ഥിയായിരിക്കും.
2019 ല്‍ രാഹുല്‍ അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റിരുന്നു. സ്മൃതി ഇറാനി തന്റെ വികസന പ്രവര്‍ത്തനങ്ങളിലൂടെ അമേഠിയില്‍ സ്വാധീനം ഉറപ്പിച്ചതോടെ, നിലവിലെ സാഹചര്യത്തില്‍, രാഹുലിന് സീറ്റ് തിരിച്ചുപിടിക്കുക എളുപ്പമാവില്ല. 1980ല്‍ സജ്ജയ് ഗാന്ധിയാണ് അമേഠിയില്‍ ആദ്യമായി മത്സരിച്ച ഗാന്ധി-നെഹ്റു കുടുംബാംഗം. പിന്നീട് രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ഇവിടെനിന്ന് എംപിമാരായി. രാഹുല്‍ ഗാന്ധി ആദ്യമായി അമേഠിയില്‍ മത്സരിച്ചത് 2004ലാണ്. തുടര്‍ച്ചയായി മൂന്നു തവണ വിജയിച്ചു. 2019ല്‍ നാലാംതവണ സ്മൃതി ഇറാനിക്ക് മുന്നില്‍ അടിപതറി. അടുത്ത തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ സമാജ് വാദി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് സൂചനയുണ്ട്. ഇതോടെ, അമേഠിയില്‍ മത്സരിക്കുക രാഹുലിന് ആത്മഹത്യാപരമായിരിക്കും.
വയനാട്ടിലെ ജയത്തെ തുടര്‍ന്ന് എംപി സ്ഥാനം നിലനിര്‍ത്തിയ രാഹുലിന് അവിടെ മുഖ്യ എതിരാളികള്‍ ഇടതുപക്ഷം ആണെന്ന പ്രശ്നമുണ്ട്. ബിജെപിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന വ്യാഖ്യാനവും വരാം. അതുകൊണ്ട് തന്നെ ഭാരത് ജോഡോ യാത്ര ആരംഭിച്ച കന്യാകുമാരി തന്നെ രാഹുല്‍ തിരഞ്ഞെടുത്തേക്കാം. കര്‍ണാടകയില്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ തന്നെ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടിങ് രീതി വ്യത്യസ്തമായതുകൊണ്ട് ബെംഗളൂവില്‍ മത്സരിച്ച് ജയിക്കുക എളുപ്പമായിരിക്കില്ല. അതുകൊണ്ടാണ് കന്യാകുമാരിയില്‍ കണ്ണുവയ്ക്കുന്നത്.
1969 ല്‍ കെ കാമരാജ് കന്യാകുമാരിയില്‍( നേരത്തെ നാഗര്‍കോവില്‍) മത്സരിച്ചപ്പോള്‍ ഭരണകക്ഷിയായ ഡിഎംകെ, സ്വതന്ത്ര പാര്‍ട്ടിയുമായി ചേര്‍ന്ന മത്സരിച്ചെങ്കിലും, കോണ്ഗ്ര്സ് നേതാവിനെ കീഴ്പ്പെടുത്താന്‍ ആയിരുന്നില്ല. ഇപ്പോള്‍ ഡിഎംകെ കോണ്‍ഗ്രസിന് ഒപ്പമാണ്. രാഹുല്‍ കന്യാകുമാരിയില്‍ നിന്ന് മത്സരിക്കുന്ന കാര്യം കെ സി വേണുഗോപാല്‍ സ്ഥിരീകരിച്ചിട്ടില്ല. പല മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാന്‍ രാഹുലിന് ക്ഷണമുണ്ട്. എന്തായാലും കന്യാകുമാരി രാഹുലിന് സുരക്ഷിത മണ്ഡലമായിരിക്കുമെന്ന് ഉറപ്പ്.

