ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ വിലക്കിയ ഡല്‍ഹി സര്‍വകലാശാലയുടെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ഇത്തരം നടപടികള്‍ സര്‍വകലാശാലകളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാജ്യത്തിനാകെ അപമാനകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് എന്എസ്യുഐ ദേശീയ സെക്രട്ടറി ലോകേഷ് ചുഗ്, വിദ്യാര്‍ത്ഥി രവീന്ദര്‍ എന്നിവരെയാണ് ഒരു വര്‍ഷത്തേക്ക് വിലക്കിയത്. മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 6 വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മുന്നറിയിപ്പും നല്‍കിയിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ വിമര്‍ശിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, തെറ്റ് മനസിലാക്കിയ ശേഷം ഇത്തരമൊരു തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ക്ക് രേഖാമൂലം നല്കിയാല് ഇളവ് നല്കാന് സര്‍വകലാശാല തയ്യാറാണെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

