ലക്നൗ: വിവാഹദിനത്തില്‍ വരന് വേദിയിലെത്തിയത് മദ്യപിച്ച് ലക്കുകെട്ട്. ബന്ധുക്കളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും മുന്നില്‍വച്ച് തനിക്ക് വിവാഹം വേണ്ടെന്ന് വധു പ്രഖ്യാപിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം.
വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. എന്നാല്‍ ചടങ്ങ് നടക്കുന്നതിന് തൊട്ടുമുമ്ബ് മദ്യപിച്ച് ലക്കുകെട്ട് വരന് കതിര്മണ്ഡപത്തിലെത്തുകയായിരുന്നു. യുവാവ് നടന്നുവരുന്നതുകണ്ടപ്പോള്‍ തന്നെ മദ്യപിച്ചിട്ടുണ്ടെന്ന് അതിഥികള്‍ക്കെല്ലാം മനസിലായി. തുടര്‍ന്ന് വധു വിവാഹം വേണ്ടെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അവര്‍ മകള്‍ക്കൊപ്പം നിന്നതോടെ വിവാഹം മുടങ്ങി.
സ്വന്തം വിവാഹം നടക്കുന്ന സമയത്ത് പോലും മദ്യമില്ലാതെ പറ്റാത്ത ഒരാളെ എങ്ങനെയാണ് വിവാഹം കഴിക്കുകയെന്ന് വധു ചോദിച്ചു. പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. അതേസമയം, പ്രശ്നം പരിഹരിച്ചതായി പൊലീസ് അറിയിച്ചു. മദ്ധ്യപ്രദേശില്‍ കഴിഞ്ഞ മേയില്‍ സമാനരീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

