ശിവസേനയെ തകര്‍ക്കാന്‍ ബിജെപി ആസൂത്രണം ചെയ്തിരുന്നതായി ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആത്മകഥയുടെ രണ്ടാം ഭാഗത്തിലാണ് മഹാരാഷ്ട്രയില്‍ ശിവസേനയെ ഇല്ലാതാക്കി ഒറ്റയ്ക്ക് വാഴാനുള്ള ബിജെപിയുടെ നീക്കത്തെ കുറിച്ചുള്ള എന്‍സിപി മുന്‍ അധ്യക്ഷന്‍ ശരദ് പവാറിന്റെ പരാമര്‍ശം.
മൂന്ന് പതിറ്റാണ്ട് സഖ്യകക്ഷിയായിരുന്ന ശിവസേനയെ ഇല്ലാതാക്കാനായിരുന്നു ബിജെപി കളമൊരുക്കിയത്. കഴിഞ്ഞ ദിവസം മുംബൈയില്‍ പുറത്തിറക്കിയ ആത്മകഥയില്‍ എന്‍സിപി മുന്‍ അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതെന്നും ശരദ് പവാര്‍ പറയുന്നു. ശിവസേനയെ തകര്‍ക്കാതെ മഹാരാഷ്ട്രയില്‍ പ്രാമുഖ്യം നേടാനാകില്ലെന്ന ബിജെപിയുടെ തിരിച്ചറിവാണ് നീക്കത്തിന് പിന്നിലെന്നും പവാര്‍ ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരം പങ്കിടാതെ വാഴാമെന്ന അമിതമായ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. ശിവസേനയില്‍നിന്ന് പുറത്തുപോയ നാരായണ്‍ റാണെ അടക്കമുള്ള വിമത സ്ഥാനാര്‍ഥികളെ അമ്ബതോളം മണ്ഡലങ്ങളില്‍ നിര്‍ത്തുകയും മറ്റിടങ്ങളില്‍ പിന്തുണച്ചുമായിരുന്നു ബിജെപി കരു നീക്കിയത്.
അധികാരത്തിനായി അവകാശവാദം ഉന്നയിക്കാനാകാതെ ശിവസേന എംഎല്‍എമാരുടെ എണ്ണം വെട്ടിക്കുറച്ച് തകര്‍ക്കാനുള്ള ശ്രമമായിരുന്നു അതെന്നും പവാര്‍ ആത്മകഥയില്‍ വിശദീകരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും ശരീരഭാഷ ശിവസേനയോട് അനുഭാവമുള്ളതായിരുന്നില്ലെന്നും പവാര്‍ ആത്മകഥയില്‍ പരാമര്‍ശിക്കുന്നു.

