തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് രാജിവച്ച സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങ് ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നാണ് നിയമോപദേശം. മുഖ്യമന്ത്രി പേര് നിര്‍ദ്ദേശിച്ചാല്‍ ഗവര്‍ണര്‍ക്ക് അത് തള്ളിക്കളയാനാവില്ല. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വിശദീകരണം തേടാമെന്നും നിയമോപദേശത്തില്‍ പറയുന്നു.
ബുധനാഴ്ച ഉച്ചയോടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. തിരുവല്ല സബ് കോടതിയില്‍ സജി ചെറിയാനെതിരായ കേസില്‍ ഇനിയും തീരുമാനമാകാത്ത സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയിലെ അഭിഭാഷകനോട് നിയമോപദേശം തേടി. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് ജൂലൈ ആറിനാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. ധാര്‍മികമായും നിയമപരമായും സജി ചെറിയാന്‍റെ മുന്നില്‍ തടസ്സങ്ങളൊന്നുമില്ലാത്തതിനാല്‍ തിരിച്ചുവരവ് മാറ്റിവയ്ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.

