ബംഗളൂരു: വിവിധ ജില്ലകളിലായി 10 മുസ്‍ലിം വനിത കോളജുകള്‍ തുടങ്ങാനുള്ള വഖഫ് ബോര്‍ഡ് തീരുമാനം രാഷ്ട്രീയ വിവാദത്തെ തുടര്‍ന്ന് തിരുത്തി.
ഹിജാബ് വിവാദത്തെ തുടര്‍ന്ന് മുസ്‍ലിം പെണ്‍കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്ന് അകലുന്നത് തടയാന്‍ സംസ്ഥാനത്ത് പ്രീ യൂനിവേഴ്സിറ്റി, ബിരുദ കോളജുകള്‍ ആരംഭിക്കാനായിരുന്നു തീരുമാനം.
ഇതു സംബന്ധിച്ച നിര്‍ദേശം വഖഫ്- മുസ്റെ വകുപ്പ് മന്ത്രി ശശികല ജോലെയും കലബുറഗി എം.പി ഉമേഷ് ജാദവും ചേര്‍ന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് കൈമാറിയിരുന്നെന്നും പദ്ധതിക്ക് സര്‍ക്കാറിന്റെ അനുമതി ലഭിച്ചതായും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന ഷാഫി സഅദി അറിയിച്ചിരുന്നു.
ദക്ഷിണ കന്നട, ശിവമൊഗ്ഗ, കുടക്, ചിക്കമഗളൂരു, റായ്ച്ചൂര്‍, കൊപ്പാല്‍, കലബുറഗി എന്നിവിടങ്ങളിലായാണ് കോളജുകള്‍ ആരംഭിക്കുക. ഓരോ കോളജിനും 2.5 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. ദക്ഷിണ കന്നടയില്‍ കോളജിനായി 16 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, വഖഫ് ബോര്‍ഡിന് കീഴില്‍ മുസ്‍ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമായി കോളജുകള്‍ തുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
മുസ്‍ലിം പെണ്‍കുട്ടികള്‍ക്കായി കോളജുകള്‍ സ്ഥാപിച്ചാല്‍ ഹിന്ദു വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കണമെന്ന് ഹിന്ദു ജന ജാഗ്രതി സമിതി നേതാവ് മോഹന്‍ ഗൗഡ പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ നീക്കം അനുവദിക്കില്ലെന്ന് പ്രതികരിച്ച ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്, മുസ്‍ലിം വനിത കോളജുകള്‍ സ്ഥാപിക്കാന്‍ ബി.ജെ.പി സര്‍ക്കാറിനെ വെല്ലുവിളിച്ചു. ബി.ജെ.പി സര്‍ക്കാര്‍ ഒരിക്കലും മുസ്‍ലിം പ്രീണനം നടത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം വിവാദമായതോടെ കര്‍ണാടക സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനുമേല്‍ പഴിചാരി തലയൂരി. വിഷയം സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും അത് വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ വ്യക്തിപരമായ അഭിപ്രായമാകാമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.
മുസ്‍ലിം പെണ്‍കുട്ടികള്‍ക്കായി സ്കൂളുകള്‍ തുറക്കുക എന്നത് സര്‍ക്കാറിന്റെ നയമല്ല. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബൊമ്മൈയുടെ പ്രതികരണത്തിന് പിന്നാലെ, പ്രസ്താവന തിരുത്തി വഖഫ് ബോര്‍ഡ് ചെയര്‍മാനും രംഗത്തുവന്നു.
മുസ്‍ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമായി കോളജുകള്‍ തുറക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും വനിത കോളജുകള്‍ ആരംഭിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം വാദിച്ചു. പദ്ധതിക്ക് ഹിജാബ് വിവാദവുമായി ബന്ധമില്ല. പ്രധാനമന്ത്രിയുടെ ബേഠീ ബച്ചാവോ ബേഠീ പഠാവോ മുദ്രാവാക്യത്തിന്റെ ഭാഗമായാണ് കോളജുകളെന്നും അദ്ദേഹം വിശദീകരിച്ചു.

