കൊച്ചി > വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിലെ ഗാനരംഗത്തിന്റെ പേരില്‍ മോഹൻലാലിനും മകൻ പ്രണവിനുമെതിരെ തീവ്രഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണം.
സിനിമയിലെ നഗുമോ പാട്ടില്‍ ബീഫ് കഴിക്കുന്ന രംഗം വന്നതാണ് ഹുന്ദുത്വവാദികളെ ചൊടിപ്പിച്ചത്. ട്വിറ്ററിലാണ് വെറുപ്പ് വിതയ്ക്കുന്ന കുറിപ്പുകള്‍ വ്യാപകമായി വരുന്നത്.
പ്രണവ് മോഹൻലാലും നായിക കല്യാണി പ്രിയദര്‍ശനും ചേര്‍ന്നുള്ള പാട്ടുരംഗത്തില്‍ വാഴയിലയില്‍ വിളമ്ബുന്ന ബീഫ് കഴിക്കുന്ന രംഗം തങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സംഘപരിവാര്‍ ഹാൻഡിലുകള്‍ ട്വിറ്ററില്‍ ലാലിനും മകനും എതിരെ വാളോങ്ങുന്നത്. പശ്ചാത്തലത്തില്‍ നഗുമോമു ഗനലേനി എന്ന ത്യാഗരാജ കീര്‍ത്തനമുള്ളതും പ്രകോപനപരമാണെന്നാണ് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നത്. യൂടൂബില്‍ 17 മില്യണ്‍ ആളുകള്‍ കണ്ട ഗാനം ചിട്ടപ്പെടുത്തിയത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.
സ്വാതി ബെല്ലം എന്ന ദന്തഡോക്ടറാണ് ഹിന്ദു സംസ്കാരത്തെ നശിപ്പിക്കാൻ മോളിവുഡിന് ആരാണ് അധികാരം നല്‍കിയതെന്ന ചോദ്യവുമായി ട്വീറ്ററിലെത്തിയത്. ഈ ട്വീറ്റ് വന്നതോടെ നിരവധി പേര്‍ മലയാളികളുടെ ബീഫ് താല്‍പര്യത്തെ ചോദ്യം ചെയ്ത് രംഗത്തു വന്നു. തെലുഗു കീര്‍ത്തനത്തിന്റെ പശ്ചാത്തലത്തില് ബീഫ് വിളമ്ബുമ്ബോഴുള്ള നായികയുടെ എക്സ്പ്രഷനും ഹിന്ദുത്വവാദിക്ക് സഹിക്കുന്നില്ല. ജീവിതത്തില്‍ ഇന്നേവരെ കഴിഞ്ഞ ഏറ്റവും രുചിയുള്ള ഭക്ഷണമാണിതെന്ന മട്ടിലാണ് ആ പെണ്‍കുട്ടി പ്രതികരിക്കുന്നതെന്ന് ട്വിറ്റില്‍ പറയുന്നു.
ബീഫ് കേരളത്തിന്റെ ദേശീയ ഭക്ഷണമാകാം. എല്ലാ സിനിമയിലും ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. ഇല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അവ നിരോധിക്കും. എന്നാല്‍ ഈ രംഗത്ത് ഒരു രാമ സങ്കീര്‍ത്തനത്തിന്റെ പശ്ചാത്തല സംഗീതം നല്‍കേണ്ട ആവശ്യം എന്താണെന്നും അവര്‍ ചോദിക്കുന്നു. ബീഫ് പിഞ്ഞാണത്തില്‍ വിളമ്ബാതെ ഹിന്ദുക്കള്‍ പാവനമായി കരുതുന്ന വാഴയില്‍ വിളമ്ബിയത് പരമാവധി പ്രകോപനമുണ്ടാക്കാനുള്ള സംവിധാകൻെറ ശ്രമമാണ് എന്നാണ് ഒരു കമന്റ്. ത്യാഗരാജ ബ്രാഹ്മണനാണെന്നും ഇത്തരം രംഗങ്ങളില്‍ അറബ് സംഗീതമാണ് വേണ്ടതെന്നും ട്വീറ്റില്‍ പറയുന്നു. ഇതുവരെ മൂവായിരത്തോളം പേര്‍ റിട്വീറ്റ് ചെയ്ത ഈ സന്ദേശത്തില്‍ വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും കേരളത്തിനെതിരെയാണ്. തമിഴ്നാട്ടുകാരും മലയാളികളും ബീഫ് കഴിച്ചാലും കന്നഡക്കാരും തെലുങ്കരും സനാതന ധര്‍മം കൈവിടില്ലെന്ന് ആത്മവിശ്വാസ പ്രകടനത്തോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്. കേരള വിരുദ്ധതയും മുസ്ലിം വിരുദ്ധതയും നിറഞ്ഞ കമന്റുകളില്‍ മോഹൻലാലിനും പ്രണവിനും എതിരെയും നിരവധി മോശമായ പരാമര്‍ശങ്ങളുണ്ട്.
സിനിമയിലെ ഏറ്റവും ചര്ച്ചയായി രംഗങ്ങളിലൊന്നായിരുന്നു നായികാ നായകന്മാരായ നിത്യയും അരുണും ബണ് പൊറോട്ടയും ബീഫും കഴിക്കാന് പോകുന്നത്. ശ്രീരാമ കീര്ത്തനത്തിന്റെ പശ്ചാത്തലത്തില് ബീഫ് കഴിക്കുന്ന ഹിന്ദു പെണ്കുട്ടി എന്ന രീതിയിലായിരുന്നു ഈ പ്രചരണങ്ങള്.

