ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍. കോര്‍ കമ്മിറ്റി രൂപീകരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കസേരയും ഇരുമ്ബുവടികളുമായി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്രമിച്ചു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ 20 പേരെ കള്ളക്കുറിച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസെത്തി ലാത്തിവീശിയാണു പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.
ദൈനംദിന പരിപാടികള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന കോര്‍ കമ്മിറ്റിയില്‍ കയറിക്കൂടാനായിരുന്നു പ്രവര്‍ത്തകര്‍ തമമില്‍ ഏറ്റുമുട്ടിയത്. കള്ളക്കുറിച്ചി ശങ്കരാപുരത്തെ സ്വകാര്യ കല്യാണ മണ്ഡപത്തിലാണു ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള ശക്തികേന്ദ്രം രൂപീകരിക്കാന്‍ യോഗം ചേര്‍ന്നത്. ജില്ലാ പ്രസിഡന്റ് അരുളിന്റെ നേതൃത്വത്തില്‍ 500ലേറെ പേര് യോഗത്തില്‍ പങ്കെടുത്തു. നേരത്തേ അംഗീകരിച്ച പട്ടികയില്‍ മാറ്റം വരുത്തിയതിനെ കള്ളക്കുറിച്ചി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന് ചോദ്യം ചെയ്തു.
തര്‍ക്കത്തിനിടെ അരുളിന്റെ ഷര്‍ട്ടിന്റെ കോളറില്‍ രാമചന്ദ്രന് പിടിച്ചതോടെ അടിപൊട്ടി. പിന്നെ കസേര കൊണ്ടാണ് ആളുകള്‍ ഏറ്റുമുട്ടിയത്. ചിലര്‍ ഹാളിന്റെ പുറത്തുണ്ടായിരുന്ന കമ്ബിവടി ഉപയോഗിച്ച് ചോദ്യവും പറച്ചിലും തുടര്‍ന്നു. ഇതിനിടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒച്ചപ്പാടും കയ്യാങ്കളിയും അതിരുവിട്ടതോടെ സമീപവാസികള്‍ അറിയിച്ചപ്പോള്‍ ശങ്കരാപുരം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ആരും പരാതി നല്കാത്തതിനാല് ഇതുവരെ കേസെടുത്തിട്ടില്ല.

