ന്യൂഡല്‍ഹി: ജഡ്ജി നിയമന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിക്കുനേരെ.
തങ്ങളാണ് ഇന്ത്യന്‍ ഭരണഘടനക്ക് മുകളിലെന്ന് ചിന്തിക്കുന്നത് ഭരണഘടന വ്യവസ്ഥകളെയും ജനവിധിയെയും മാനിക്കാത്തവര്‍ മാത്രമാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി.
‘ജഡ്ജി നിയമനത്തില്‍ പരമാധികാരം പാര്‍ലമെന്റിനാണെന്നും സുപ്രീംകോടതി പാര്‍ലമെന്റിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെ’ന്നുമുള്ളതാണ് വിവേകപൂര്‍ണമായ കാഴ്ചപ്പാടെന്ന് വ്യക്തമാക്കിയാണ് കേന്ദ്രത്തിന്റെ രൂക്ഷ വിമര്‍ശനം.
ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാറിനൊപ്പം നിന്ന് സുപ്രീംകോടതിയെ വിമര്‍ശിച്ച മുന്‍ ഡല്‍ഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ആര്.എസ്. ധോണിയുടെ അഭിമുഖത്തിന്റെ പ്രസക്തഭാഗം ട്വിറ്റിറില്‍ പങ്കുവെച്ച കേന്ദ്ര നിയമമന്ത്രി, ഇതാണ് വിവേകമുള്ള കാഴ്ചപ്പാടെന്ന നയം വ്യക്തമാക്കി. ജനങ്ങള്‍ അവരുടെ പ്രതിനിധികളിലൂടെ അവരെത്തന്നെ ഭരിക്കുകയാണ്.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രതിനിധീകരിക്കുന്നത് ജനങ്ങളുടെയും നിയമങ്ങളുടെയും താല്പര്യങ്ങളെയാണ്. നമ്മുടെ കോടതികള്‍ സ്വതന്ത്രവും ഭരണഘടനപരവുമാണ്. യഥാര്‍ഥത്തില്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും സമാനമായ വിവേകമുള്ള കാഴ്ചപ്പാടാണുള്ളത്. എന്നാല്‍, തങ്ങളാണ് ഇന്ത്യന്‍ ഭരണഘടനക്ക് മുകളിലെന്ന് ചിന്തിക്കുന്നത് ഭരണഘടന വ്യവസ്ഥകളെയും ജനവിധിയെയും മാനിക്കാത്തവര്‍ മാത്രമാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാറും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാക്കുന്നതാണ് നിയമമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കേശവാനന്ദ ഭാരതി കേസില്‍ സുപ്രീംകോടതി വിധി തെറ്റാണെന്ന് പറഞ്ഞ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മറുപടി നല്‍കിയതിനു ശേഷമാണ് വീണ്ടും നിയമമന്ത്രി സുപ്രീംകോടതിക്കുനേരെ തിരിഞ്ഞത്. ജഡ്ജി നിയമനത്തിന് തങ്ങള്‍ ആവര്‍ത്തിച്ച് നല്കുന്ന ശിപാര്‍ശകള്‍ മടക്കാന്‍ കേന്ദ്രസര്ക്കാറിനാവില്ലെന്ന് സുപ്രീംകോടതി കൊളീജിയം 18ന് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചശേഷമുള്ള നിയമമന്ത്രിയുടെ നിലപാട് പ്രഖ്യാപനം കൂടിയാണിത്.
കേന്ദ്രം പറയുന്ന ‘വിവേകമുള്ള’ കാഴ്ചപ്പാട്
”ഭരണഘടനയുണ്ടാക്കിയപ്പോഴുള്ള സംവിധാനമനുസരിച്ച് ജഡ്ജി നിയമന നടപടിക്രമം വ്യക്തമാക്കി ഒരു അധ്യായമുണ്ട്. എന്നാല്‍, സുപ്രീംകോടതി ആദ്യമായി പാര്‍ലമെന്റിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു. ജഡ്ജി നിയമനം ഞങ്ങള്‍ നടത്തും. സര്‍ക്കാറിന് ഇതില്‍ പങ്കൊന്നുമില്ലെന്ന് സുപ്രീംകോടതി പറയുന്നു.
നിയമ നിര്‍മാണത്തില്‍ ആര്‍ക്കാണ് പരമാധികാരം? സുപ്രീംകോടതിക്ക് നിയമം നിര്‍മിക്കാനാവില്ല. പിന്നെന്തിനാണ് പാര്‍ലമെന്റ്? ജഡ്ജി നിയമനത്തില്‍ തങ്ങള്‍ക്കാണ് പരമാധികാരമെന്ന് പാര്‍ലമെന്റും അല്ലെന്ന് സുപ്രീംകോടതിയും പറയുന്നു. സുപ്രീംകോടതിയെ ജനങ്ങള്‍ നിയമിക്കാത്തതിനാല്‍ ഒരിക്കലും പരമാധികാരം അവര്‍ക്കാകില്ല. ജനാധിപത്യം എത്ര കാലമുണ്ടാകുമോ അത്രയുംകാലം പാര്‍ലമെന്റ് തന്നെയായിരിക്കും പരമോന്നത സ്ഥാപനം”.
(റിട്ട. ജസ്റ്റിസ് ആര്.എസ്. ധോണിയുടെ ഈ വാക്കുകളാണ് ജഡ്ജി നിയമനത്തിലെ വിവേകമുള്ള കാഴ്ചപ്പാടായി നിയമമന്ത്രി വ്യക്തമാക്കിയത്)

