ന്യൂഡല്‍ഹി: ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ധനസഹായം തേടി.
ഉച്ചകോടിക്ക് തയ്യാറെടുക്കാന്‍ ഡല്‍ഹിക്ക് കുറഞ്ഞത് 927 കോടി രൂപയെങ്കിലും വേണമെന്ന് വ്യക്തമാക്കി ഡല്‍ഹി ധനമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചു.
ജി -20 ഉച്ചകോടി ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണന്നും സിസോദിയ കത്തില്‍ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ ഡല്‍ഹി സര്‍ക്കാരിന് ഫണ്ടുകളൊന്നും ലഭിച്ചില്ല. അതിനാല്‍ ജി 20 ആതിഥേയത്വം വഹിക്കുന്നതിന് അധിക ഫണ്ട് വേണമെന്നാണ് ആവശ്യം. സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്താണ് ജി 20 ഉച്ചകോടി നടക്കുന്നത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി നഗരം മനോഹരമാക്കാനുള്ള ശ്രമത്തിലാണ്.

