ഒട്ടാവ: ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകത്തെ വെടിവെച്ചിട്ടത് കാനഡ- അമേരിക്ക സംയുക്ത ഓപ്പറേഷന്റെ ഭാഗമായെന്ന് വെളിപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ.
തന്റെ ഉത്തരവിനെ തുടര്‍ന്ന് അമേരിക്കന്‍ ഡിഫന്‍സ് കമാന്‍ഡ് പേടകത്തെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ട്രൂഡോ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയതായും കനേഡിയന്‍ സൈന്യം അജ്ഞാത വസ്തുവിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കുകയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തര അമേരിക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷ ഒരുക്കുന്നതില്‍ നൊറോഡ് (നോര്‍ത്ത് അമേരിക്കന്‍ ഡിഫന്‍സ് കമാന്‍ഡ്) കാട്ടുന്ന ജാഗ്രതയ്ക്ക് നന്ദി പറയുന്നതായും ട്രൂഡോ ട്വീറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് അമേരിക്കന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകത്തെ അമേരിക്കന്‍ വ്യോമസേന വിഭാഗത്തിന്റെ എഫ് 22 യുദ്ധവിമാനം വെടിവെച്ചിട്ടത്. പടിഞ്ഞാറന്‍ സംസ്ഥാനമായ അലാസ്കയ്ക്ക് മുകളല്‍ കാനഡയ്ക്ക് അടുത്തായി കാറിന്റെ വലിപ്പത്തിലുള്ള പേടകം പ്രത്യക്ഷപ്പെട്ടത്. 24 മണിക്കൂറോളം പേടകത്തെ നിരീക്ഷിച്ച ശേഷമാണ് വെടിവെച്ചിട്ടത്. പേടകത്തെക്കുറിച്ച് മറ്റൊന്നും വ്യക്തമല്ല. പേടകത്തില്‍ മനുഷ്യ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വെടിവെച്ചിട്ടതെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി നാലിന് അമേരിക്കന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട ചൈനീസ് നിര്‍മ്മിത കൂറ്റന്‍ ബലൂണിനെ യുഎസ് വ്യാമസേന തകര്‍ത്തിരുന്നു. എന്നാല്‍ കാലാവസ്ഥ നിരീക്ഷണത്തിനുള്ള ബലൂണായിരുന്നു എന്നും ഗതിമാറി എത്തിയതാണെന്നും അവകാശപ്പെട്ട് ചൈന രംഗത്തുവന്നു. എന്നാല്‍ ചൈനീസ് ന്യായീകരണം വകവെയ്ക്കാതെ അമേരിക്ക യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ബലൂണ്‍ തകര്‍ക്കുകയായിരുന്നു.
ഉത്തര അമേരിക്കന്‍ വ്യോമ അതിര്‍ത്തിയുടെ സുരക്ഷയ്ക്കായി അമേരിക്കയും കാനഡയും സംയുക്തമായി രൂപീകരിച്ച വ്യോമസേന കമാന്‍ഡാണ് നൊറോഡ് എന്നറിയപ്പെടുന്ന നോര്‍ത്ത് അമേരിക്കന്‍ ഡിഫന്‍സ് കമാന്‍ഡ്. 1958 ല്‍ രൂപീകൃതമായ കമാന്‍ഡിന്റെ ആസ്ഥാനം യുഎസിലെ കൊളറാഡോയാണ്.

