ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയുടെ പ്രസ്താവന വിവാദമാകുന്നു.
കോണ്‍ഗ്രസ് നേതാവിന്‍റെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. “എങ്ങനെയാണ് പുല്‍വാമ സംഭവിച്ചത്? അന്വേഷണം നടത്തൂ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണോ അദ്ദേഹം ഇത് ചെയ്തത്?” -ഇതായിരുന്നു രന്‍ധാവയുടെ വാക്കുകള്‍.
ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തി. വിദേശത്ത് രാജ്യത്തിന്റെ പ്രതിച്ഛായ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയെപ്പോലെ രണ്‍ധാവ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുകയാണെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാക്കള്‍ ആരോപിച്ചു. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ്, രാജ്യത്തെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടിയാണ് പുല്‍വാമ ആക്രമണം സൃഷ്ടിച്ചത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, 2019 ഫെബ്രുവരിയില്‍ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ചുള്ള സംശയമാണ് രണ്‍ധാവ ഉന്നയിച്ചത്. തങ്ങളേക്കാള്‍ വലിയ രാജ്യസ്നേഹി വേറെയില്ലെന്നാണ് ബി.ജെ.പിക്കാര്‍ പറയുന്നത്. മോദിക്ക് ദേശഭക്തിയുടെ അര്‍ത്ഥം അറിയില്ല.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ബി.ജെ.പി നേതാവ് ആരാണെന്നും പ്രസംഗത്തില്‍ രണ്‍ധാവ ചോദിച്ചിരുന്നു. ഇതാണ് ബി.ജെ.പിയെ കൂടുതല്‍ പ്രകോപിതരാക്കിയത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സതീഷ് പൂനിയ മണിക്കൂറുകള്‍ക്കകം പ്രതികരണവുമായി എത്തി. രാജ്യത്തെ രക്തസാക്ഷിത്വത്തെ അപമാനിച്ചു, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അന്തസ്സിനെ അപമാനിച്ചു, രാജ്യം മുഴുവന്‍ അപമാനിക്കപ്പെട്ടു എന്നായിരുന്നു പൂനിയയുടെ പ്രതികരണം.

