ന്യൂഡല്‍ഹി: യു.എസിലെ കാലിഫോര്‍ണിയയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. വിദേശ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു. അടുത്തിടെ നടത്തിയ വിദേശയാത്രയില്‍ രാഷ്ട്രതലവന്മാരും പ്രാധാനമന്ത്രിമാരും അടക്കം 24ഓളം പേരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ഇതോടൊപ്പം 50 കൂടിക്കാഴ്ചക്കളിലും ഭാഗമായി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്നാണ് വിശേഷിപ്പിച്ചതെന്നും ഇത് രാഹുല്‍ ഗാന്ധിക്ക് ദഹിക്കുന്നില്ലെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
സാൻഫ്രാൻസിസ്കോയില്‍ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാറിനെയും രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചത്. ബിജെപി ജനത്തെ ഭീഷണിപ്പെടുത്തുകയാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞു.
സര്‍ക്കാര്‍ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതും അവരുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഭാരത് ജോഡോ യാത്ര തടസപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വിധത്തിലും ശ്രമിച്ചിരുന്നതായും രാഹുല്‍ കുറ്റപ്പെടുത്തി. ജനങ്ങളുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളുടെയും നിയന്ത്രണം ബിജെപിയും ആര്.എസ്.എസും കൈയടക്കിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി.
പത്ത് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിക്ക് അമേരിക്കയില്‍ വൻ വരവേല്‍പ്പാണ് ലഭിച്ചത്. മുമ്ബ് യു.കെ സന്ദര്‍ശനത്തിനിടെ രാഹുല്‍ കേംബ്രിജ് സര്‍വകലാശാലയില്‍ ഇന്ത്യയിലെ സര്‍ക്കാറിനെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും നടത്തിയ പ്രസംഗം ബിജെപി വിവാദമാക്കിയിരുന്നു. ഇന്ത്യൻ ജനാധിപത്യം വലിയ പ്രതിസന്ധി നേരിടുകയാണെന്നും മാധ്യമങ്ങളും കോടതിയുമെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇത് ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.

