ദോഹ: സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീക്വാര്‍ട്ടറില്‍ ബെഞ്ചിലിരുത്തിയതിന് പിന്നാലെ പോര്‍ച്ചുഗലിന്റെ ലോകകപ്പ് ക്യാമ്ബ് വിടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഗ്രഹിക്കുന്നതായ റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി താരം രംഗത്ത്.
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിന്റെ അവസാന 20 മിനിറ്റിലാണ് റൊണാള്‍ഡോയെ കളത്തിലിറക്കിയത്. താരത്തിന് പകരം ഇറങ്ങിയ ഗോണ്‍സാലോ റാമോസ് ഹാട്രിക് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയുമുണ്ടായി.
അതിന് പിന്നാലെയാണ് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ലോകകപ്പ് ക്യാമ്ബ് വിടുന്നതായി അഭ്യൂഹങ്ങള്‍ വര്‍ദ്ധിച്ചത്. പോര്‍ച്ചുഗല്‍ സ്ക്വാഡ് ബാഹ്യശക്തികള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്തത്ര ശക്തമാണെന്ന് താരം റൊണാള്‍ഡോ പ്രതികരിച്ചു. പുറത്തുനിന്നുള്ള ശക്തികള്‍ക്ക് തകര്‍ക്കാന്‍ പറ്റാത്ത ഒരു സംഘം. ഏതൊരു എതിരാളിയെയും ഭയപ്പെടുത്താന്‍ ധൈര്യമുള്ള ഒരു രാഷ്ട്രം. അവസാനം വരെ സ്വപ്നത്തിനായി പോരാടുന്ന ഒരു ടീം. ഞങ്ങളെ വിശ്വസിക്കൂ എന്ന് റൊണാള്‍ഡോ കുറിച്ചു.
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് റൊണാള്‍ഡോ ക്യാമ്ബ് വിടുമെന്ന ഭീഷണി ഉയര്‍ത്തിയെന്ന വാര്‍ത്ത പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന് നിഷേധിച്ചതിന് പിന്നാലെയാണ് റൊണാള്‍ഡോയുടെ പ്രതികരണം.

