മംഗ്ളുറു: (www.kvartha.com) പയസ്വിനി പുഴയില്‍ നീന്താനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍ മരിച്ചു.
പുത്തൂര്‍ അരിയടുക്ക ദെര്ള നാരായണ പട്ടാളിയുടെ മകന് ജീതേഷ് (19), അംബത്തെ മൂലയിലെ കൃഷ്ണ നായ്കയുടെ മകന് പ്രവീണ്‍ (19) എന്നിവരാണ് ശനിയാഴ്ച സന്ധ്യയോടെ മരിച്ചത്.
പുത്തൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടി വിജയിപ്പിക്കാന്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് ശനിയാഴ്ച ലീവ് അനുവദിച്ചിരുന്നു. പുല്ലുചെത്ത് തൊഴിലാളികളായ ജിതേഷും പ്രവീണും മറ്റു നാല് സഹപ്രവര്‍ത്തകരും വീണുകിട്ടിയ ലീവ് ഉല്ലാസത്തിന് ഉപയോഗിച്ചു. കാറില്‍ സുള്ള്യയില്‍ വന്ന സംഘം ഒഡബയില് തൂക്കുപാലം സന്ദര്‍ശിച്ച ശേഷം പുഴയില്‍ നീന്താന്‍ ഇറങ്ങുകയായിരുന്നു.
മുങ്ങിയ ജിതേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പ്രവീണും ഒഴുക്കില്‍ പെടുകയായിരുന്നു. അംബത്തമൂലയിലെ സന്തോഷ്, കൂട്ലുവിലെ ചന്തു, അംബലത്തമൂലയിലെ യുവരാജ്, ബല്ലിക്കാനയിലെ നിതിഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. സുള്ള്യ പൊലീസ് കേസെടുത്തു.

