റാഞ്ചി: (www.kvartha.com) 2022ലെ ഫിഫ ലോകകപ്പ് കിരീടം നേടി അര്‍ജന്റീന ചരിത്രം സൃഷ്ടിച്ചിരുന്നു. അര്‍ജന്റീനയുടെ വിജയം ഇന്ത്യയിലും കൊട്ടിഘോഷിച്ചാണ് ആഘോഷിച്ചത്.മെസിക്ക് ഇന്ത്യയിലും ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ ഇന്ത്യയെ ക്രിക്കറ്റില്‍ ലോക ചാമ്ബ്യരാക്കിയ മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവയും മെസിയുടെ ആരാധകയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാത്രമല്ല, ഇതിഹാസ താരം ലയണല്‍ മെസിയുടെ ഒരു സമ്മാനവും സിവയ്ക്ക് ലഭിച്ചിട്ടുണ്ട്.
ധോണിയുടെ ഭാര്യ സാക്ഷി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ മകള്‍ സിവയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ സിവ അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞിരിക്കുന്നു. ഇതിഹാസ ഫുട്‌ബോള്‍ താരം മെസി ഒപ്പുവച്ച അര്‍ജന്റീനയുടെ ജഴ്‌സിയാണ് ധോണിയുടെ ഏഴ് വയസുള്ള മകള്‍ ധരിച്ചിരിക്കുന്നത്. Para Ziva എന്ന് സ്‌പാനിഷ് ഭാഷയില്‍ ജഴ്‌സിയില്‍ എഴുതിയിട്ടുമുണ്ട്. സിവയ്‌ക്ക് വേണ്ടി എന്നാണ് ഇതിനര്‍ഥം.
ജീവയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ക്രിസ്മസിനാണ് ജീവയ്ക്ക് ഈ അതുല്യ സമ്മാനം ലഭിച്ചതെന്നാണ് വിവരം. ധോണിയും ഫുട്ബോളിന്റെ കടുത്ത ആരാധകനാണ്. സ്കൂള്‍ പഠനകാലത്ത് അദ്ദേഹം ഫുട്ബോള്‍ കളിക്കാരനായിരുന്നു. ടീമിന്റെ ഗോള്‍കീപ്പറായിരുന്നു ധോണി. അദ്ദേഹത്തിന്റെ ഗോള്‍കീപ്പിംഗ് കഴിവുകള്‍ കണ്ടാണ് വിക്കറ്റ് കീപ്പിങ്ങിലേക്ക് തിരഞ്ഞെടുത്തത്.

