ചെന്നൈ: തമിഴ്നാട് ഗവര്‍ണറെ പരസ്യമായി ഭീഷണിപ്പെടുത്തിയ നേതാവിനെ ഡി.എം.കെ സസ്പെന്‍ഡ് ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തില്‍ അംബേദ്കറുടെ പേരു പരാമര്‍ശിക്കുന്ന ഭാഗം വായിക്കാതിരുന്ന ഗവര്‍ണര്‍ ആര്‍.എന്‍ രവിയോട് കശ്മീരിലേക്ക് പോവാനാണ് ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടത്.
ശിവാജി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും നിലപാടെടുത്ത ഡി.എം.കെ അദ്ദേഹത്തെ താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തു.
തമിഴ്നാട്ടില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ ആര്‍.എന്‍ രവിയോട് കശ്മീരിലേക്ക് പോവാന്‍ ഡി.എം.കെ നേതാവ് ആവശ്യപ്പെട്ടത്- “ഇന്ത്യയുടെ ഭരണഘടനാശില്‍പിയായ അംബേദ്കറിന്റെ പേര് പറയാന്‍ തമിഴ്‌നാട്ടില്‍ ഈ മനുഷ്യന്‍ വിസമ്മതിച്ചാല്‍, ചെരിപ്പുകൊണ്ട് അടിക്കാന്‍ എനിക്ക് അവകാശമുണ്ടോ ഇല്ലയോ? നിങ്ങള്‍ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തതല്ലേ? അദ്ദേഹത്തിന്റെ പേര് പറയാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്‍ കശ്മീരിലേക്ക് പോകൂ.
ഞങ്ങള്‍ തന്നെ തീവ്രവാദിയെ അയക്കാം. വെടിവെച്ച് കൊല്ലട്ടെ”- എന്നാണ് ശിവാജി കൃഷ്ണമൂര്‍ത്തി പറഞ്ഞത്. നിയമസഭയില്‍നിന്ന് ഗവര്‍ണര്‍ ഇറങ്ങിപ്പോയതടക്കം അത്യന്തം നാടകീയ രംഗങ്ങള്‍ക്ക് അടുത്തിടെ തമീഴ്നാട് സാക്ഷ്യം വഹിച്ചിരുന്നു. ഗവര്‍ണറുമായി കടുത്ത പോരിലാണ് തമിഴ്നാട് സര്‍ക്കാര്‍. തീര്‍ത്തും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേന്ദ്ര സര്‍ക്കാറിനോടും ഗവര്‍ണറോടും അവര്‍ പുലര്‍ത്തുന്നത്. നിയമസഭയില്‍നിന്നും ഇറങ്ങിപ്പോയ ഗവര്‍ണര്‍ക്കെതിരെ തമിഴ്നാട്ടില്‍ ഉടനീളം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

